21/11/2026
[fontresizer_tawhidurrahmandear_widget]

‘കൂറ് ഫാസിസ്റ്റ് ശക്തികളോട്’; ഇന്ത്യ സഖ്യത്തിൻ്റെ റാലിയിൽ നിന്നും വിട്ടുനിന്ന വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ

 ‘കൂറ് ഫാസിസ്റ്റ് ശക്തികളോട്’; ഇന്ത്യ സഖ്യത്തിൻ്റെ റാലിയിൽ നിന്നും വിട്ടുനിന്ന വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്‌ക്കെതിരെയും ഇന്ത്യ മുന്നണി ഡൽഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയിൽ നിന്നും വിട്ടുനിന്ന തമിഴക വെട്രി കഴകത്തിന്റെയും (ടി.വി.കെ) പാർട്ടി അധ്യക്ഷൻ വിജയ്‌യുടെയും നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ. വിഷയത്തിൽ ടി.വി.കെ പുലർത്തുന്ന മൗനത്തെ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ ചോദ്യം ചെയ്തു.

ഫാസിസ്റ്റ് ശക്തികളോടാണ് ടി.വി.കെ കൂറ് പുലർത്തുന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു. വിജയ്‌യുടെ പാർട്ടിയുമായി കോൺഗ്രസ് വെച്ചുപുലർത്തുന്ന സഖ്യത്തെയും എ. രാജ പരിഹസിച്ചു. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും പേരുകൾ ഉയർത്തിപ്പിടിച്ച് എല്ലാ കാലവും മതേതരത്വത്തിന്റെ കുത്തക തങ്ങൾക്കാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, ഇപ്പോൾ ആത്മാഭിമാനം പണയം വെച്ചുവോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈയും ടി.വി.കെയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ മുന്നണി നയിക്കുന്ന സമരങ്ങളിലോ മീറ്റിങ്ങുകളിലോ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി ടി.വി.കെ മുന്നണിയുടെ ഭാഗമാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.

‘ഇത്രയൊക്കെ സംഭവിച്ചിട്ടും ടിവികെയും വിജയ്യും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ടിവികെ അവര്‍ക്കായി എന്താണ് ചെയ്തിട്ടുള്ളത്? ഒന്നും തന്നെയില്ല,’— എന്ന് ഡി.എം.കെ വക്താവ് പറഞ്ഞു.

മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കാൻ ടി.വി.കെയുമായി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നും ശരവണൻ അണ്ണാദുരൈ കൂട്ടിച്ചേർത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആർ നടപടികൾ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നടത്തിയ റാലിയിൽ ഡി.എം.കെയ്ക്ക് പുറമെ മറ്റ് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, സി.പി.ഐ.എം.എൽ, ആർ.ജെ.ഡി, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, എൻ.സി.പി (ശരദ് പവാർ) അടക്കമുള്ളവരും പങ്കെടുത്തിരുന്നു.

Also read: