14/05/2026
[fontresizer_tawhidurrahmandear_widget]

ബിജെപി നേതാവിന്റെ സഹോദരന്റെ കല്യാണാഘോഷത്തിന് തോക്കുകളും;വാർത്തയായതോടെ അന്യേഷണം ആരംഭിച്ച് പോലീസ്

 ബിജെപി നേതാവിന്റെ സഹോദരന്റെ കല്യാണാഘോഷത്തിന് തോക്കുകളും;വാർത്തയായതോടെ അന്യേഷണം ആരംഭിച്ച് പോലീസ്

റായ്പൂർ: ബിജെപി നേതാവിന്റെ സഹോദരന്റെ കല്യാണാഘോഷത്തിന് തോക്കുകൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച് അതിഥികൾ. ഛത്തീസ്ഗഡിലെ ബിജെപി നേതാവ് മോണിക്ക സിംഗിന്റെ സഹോദരൻ പ്രതീക് സിംഗിന്റെ വിവാഹ ചടങ്ങിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്യേഷണം ആരംഭിച്ചു. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരും കുട്ടികൾ പോലും തോക്കുകൾ കൈകാര്യം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ദൃശ്യങ്ങളിൽ കാണുന്ന ആയുധങ്ങൾ ലൈസൻസുള്ളതാണോ എന്നും എവിടെവെച്ചാണ് ഇത് നടന്നതെന്നും പോലീസ് സംഘം പരിശോധിച്ചുവരികയാണ്. തുടക്കത്തിൽ പരാതികളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും സംഭവം വലിയ വാർത്തയായതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്. ആഘോഷങ്ങൾക്കിടയിൽ തോക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ഈ സംഭവത്തെത്തുടർന്ന് ബിജെപി സർക്കാറിന് എതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചത്തീസ്ഗഡിലെ ക്രമസമാധാന നില തകർന്നുവെന്നും ഭരണകക്ഷിയുമായി ബന്ധമുള്ളവർക്ക് എന്തുമാകാമെന്ന അവസ്ഥയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇത്തരം പ്രവണതകൾ സാധാരണക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ആയുധ ലൈസൻസുകൾ നൽകുന്നതിൽ പുനപരിശോധന വേണമെന്നും അവർ ആവശ്യപ്പെട്ടു.

ആഘോഷങ്ങളിൽ തോക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ള രാജ്യത്ത്, നിയമങ്ങൾ ലംഘിക്കപ്പെടുന്നത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ആൾക്കൂട്ടത്തിനിടയിൽ നടക്കുന്ന ഇത്തരം അശ്രദ്ധമായ പ്രവർത്തനങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഈ കേസിൽ പോലീസ് എടുക്കുന്ന നടപടികൾ ഉറ്റുനോക്കുകയാണ് ജനങ്ങൾ.

Also read: