11/05/2026
[fontresizer_tawhidurrahmandear_widget]

റേഷനരി തിളപ്പിച്ചപ്പോൾ ചോറിനു കരിനീല നിറം; ആശങ്കയിൽ നാട്ടുകാർ

 റേഷനരി തിളപ്പിച്ചപ്പോൾ ചോറിനു കരിനീല നിറം; ആശങ്കയിൽ നാട്ടുകാർ

തൃശൂർ: തൃശൂരിൽ റേഷനരി വേവിച്ചപ്പോൾ ചോറിന് കരിനീല നിറം. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലെ റേഷൻ ഉപഭോക്താക്കളാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.

കഴിഞ്ഞ ദിവസം വാങ്ങിയ റേഷനരി തിളപ്പിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അരി അടുപ്പത്തുവെച്ച് വെന്തു തുടങ്ങിയതോടെ വെള്ളത്തിനും അരിമണികൾക്കും കരിനീല നിറം പടരുകയായിരുന്നു. സാധാരണഗതിയിൽ അരി പഴയതായാലോ രാസവസ്തുക്കൾ കലർന്നാലോ നിറവ്യത്യാസം വരാറുണ്ടെങ്കിലും, ഇത്തരത്തിൽ കടുംനീല നിറമാകുന്നത് ആദ്യമായാണെന്ന് വീട്ടമ്മമാർ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിയാളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

ഭക്ഷ്യയോഗ്യമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ അരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പാവപ്പെട്ടവർ ആശ്രയിക്കുന്ന റേഷൻ വിതരണ സംവിധാനത്തിൽ ഇത്തരം പിഴവുകൾ സംഭവിക്കുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സാംപിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സിവിൽ സപ്ലൈസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Also read: