10/06/2026
[fontresizer_tawhidurrahmandear_widget]

ഹാൻ്റാ വൈറസ്; സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ല, നിലവിൽ ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്ന് ഐസിഎംആർ

 ഹാൻ്റാ വൈറസ്; സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ല, നിലവിൽ ഇന്ത്യയ്ക്ക് ഭീഷണിയില്ലെന്ന് ഐസിഎംആർ

ന്യൂഡൽഹി: എം.വി. ഹോൺഡിയസ് കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ വ്യക്തമാക്കി. കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ഹാന്റാ വൈറസ് കേസുകൾ ഒറ്റപ്പെട്ടവയാണെന്നും രാജ്യത്തിന് അടിയന്തര പൊതുജനാരോഗ്യ ഭീഷണി നിലവിലില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

കോവിഡ്-19 പോലെ ഹാന്റാ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിൽ പടരുന്ന ഒന്നല്ല. മനുഷ്യരിലേക്ക് രോഗം പടരുന്നത് അപൂർവ്വമായി മാത്രമാണ്. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയിലെ വൈറസ് കണങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് സാധാരണയായി രോഗബാധയുണ്ടാകുന്നത്. അതിനാൽ എലിശല്യത്തിന് സാധ്യതയുള്ള ഗോഡൗണുകൾ, കപ്പലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡോ. നവീൻ കുമാർ ഓർമ്മിപ്പിച്ചു. രാജ്യത്തെ 165 ലാബുകളിലായി വ്യാപിച്ചുകിടക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്ര പുറപ്പെട്ട എം.വി. ഹോൺഡിയസ് കപ്പലിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കപ്പലിനെ തീരത്തടുക്കാൻ പല രാജ്യങ്ങളും അനുമതി നൽകിയിട്ടില്ലെങ്കിലും വൈറസ് ലോകവ്യാപകമായി പടരാൻ സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

പനി, ശരീരവേദന, തലവേദന, ശ്വാസതടസ്സം എന്നിവയാണ് ഹാന്റാ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം വിഭാഗം ഏറെ അപകടകരമാണ്. നിലവിൽ ഈ വൈറസിന് മാത്രമായുള്ള പ്രത്യേക ചികിത്സ ലഭ്യമല്ലെങ്കിലും ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. പരിസര ശുചിത്വം പാലിക്കുകയും എലികൾ പെരുകുന്നത് ഒഴിവാക്കുകയുമാണ് പ്രധാന പ്രതിരോധ മാർഗ്ഗം.

Also read: