വടക്കൻ കേരളം ഇരുട്ടിലാകും; നാല് ജില്ലകൾക്ക് മുന്നറിയിപ്പ്
കണ്ണൂർ: സംസ്ഥാനത്തെ നാല് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർഗ്രിഡ് കോർപ്പറേഷൻ്റെ കോഴിക്കോട്ടുള്ള 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തീരുമാനം. ചൊവ്വാഴ്ച മുതൽ ഏകദേശം ഏഴ് ദിവസത്തോളം ഈ നിയന്ത്രണം തുടർന്നേക്കും.
സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിങ്ങിൽ കണ്ടെത്തിയ തകരാർ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്യുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ കുറവുണ്ടാകുന്നത്. തകരാർ പരിഹരിക്കാൻ ഒരാഴ്ചയോളം സമയമെടുക്കുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.