’15 വർഷം കഷ്ടപ്പെട്ടിട്ടും ഇങ്ങനെയൊരു വിജയം കണ്ടിട്ടില്ല, വിജയ് കട്ടൗട്ട് വെച്ച് എളുപ്പത്തിൽ ജയിച്ചു’; അസൂയ തോന്നുന്നുവെന്ന് പവൻ കല്യാൺ
ഹൈദരാബാദ്: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) നേടിയ മിന്നുന്ന വിജയത്തോട് തമാശ രൂപേണ പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തനിക്ക് വിജയയോട് അസൂയ തോന്നുന്നുവെന്നാണ് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
താൻ 15 വർഷത്തോളം തെരുവിൽ ഇറങ്ങി കഷ്ടപ്പെട്ടാണ് രാഷ്ട്രീയം കെട്ടിപ്പടുത്തത്. എന്നാൽ വിജയിന്റെ പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വിജയം നേടിയെന്ന് പവൻ കല്യാൺ ചൂണ്ടിക്കാട്ടി. “അവർ വളരെ സുഖമായി വിജയിച്ചു, എനിക്ക് അസൂയ തോന്നി. കട്ടൗട്ടുകളും ഹോളോഗ്രാമുകളും വെച്ച് വിജയ് മുഖ്യമന്ത്രിയായി. 15 വർഷം യാത്ര ചെയ്തിട്ടും എനിക്ക് ഇങ്ങനെയൊരു വിജയം കാണാൻ കഴിഞ്ഞിട്ടില്ല,” പവൻ കല്യാൺ പറഞ്ഞു. എന്നാൽ താൻ തമാശ പറഞ്ഞതാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
ഒരു പാർട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകൾ എന്തൊക്കെയാണെന്ന് അറിയണമെന്നും, കാര്യങ്ങൾ പറയണമെങ്കിൽ നല്ല അറിവുണ്ടാകണമെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.
വെറും രണ്ടു വർഷം മാത്രം പ്രായമുള്ള തമിഴക വെട്രി കഴകമാണ് പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിച്ച ഡിഎംകെ, എഐഎഡിഎംകെ കക്ഷികളെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ എൻ.ടി രാമറാവു, എം.ജി രാമചന്ദ്രൻ, ജയലളിത എന്നിവർക്ക് ശേഷം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി വിജയം കൊയ്ത നേതാക്കളുടെ നിരയിലേക്ക് വിജയും ഉയർന്നു.