എംഎൽഎമാർക്കായി റിസോർട്ട് സജ്ജമാക്കി വിജയ്; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ മുൻകരുതലുമായി ടിവികെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സംരക്ഷിക്കാൻ റിസോർട്ട് രാഷ്ട്രീയവുമായി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). വോട്ടെണ്ണലിന് ശേഷം തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെയാണ്, തങ്ങളുടെ എംഎൽഎമാർ മറുകണ്ടം ചാടുന്നത് തടയാൻ പാർട്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.
വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തിന് സമീപം പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിലേക്ക് മാറ്റാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. നൂറോളം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ടാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ സ്ഥാനാർത്ഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്നും അവിടെനിന്ന് ഇവരെ റിസോർട്ടിലേക്ക് മാറ്റുമെന്നുമാണ് റിപ്പോർട്ടുകൾ.
മറ്റ് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ സ്വാധീനിക്കുന്നത് തടയാനും പാർട്ടിയിൽ ഐക്യം ഉറപ്പാക്കാനുമാണ് ഈ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്ന് കരുതപ്പെടുന്ന ടിവികെ, കുതിരക്കച്ചവടത്തിനുള്ള എല്ലാ സാധ്യതകളും മുൻകൂട്ടി കണ്ട് ജാഗ്രതയിലാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കാനും സാധ്യമായ എല്ലാ സാഹചര്യങ്ങളെയും നേരിടാൻ നിയമവിഭാഗത്തോട് സജ്ജരായിരിക്കാനും വിജയ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാൽ രാഷ്ട്രീയ വിലപേശലുകൾ ഒഴിവാക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.