പെരിയ ഇരട്ടക്കൊലക്കേസ്: എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് പ്രതികൾക്ക് കൂട്ട പരോൾ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ ലഭിച്ചു. പിണറായി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുമ്പാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. 20 ദിവസത്തെ പരോൾ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ജയിലിൽ നിന്നിറങ്ങി ഇതിനോടകം വീടുകളിലെത്തിക്കഴിഞ്ഞു. ബാക്കിയുള്ള പ്രതികൾ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും.
അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ആരോപിച്ചു. വെറും നാലു മാസത്തിനകം ഇവർക്ക് ലഭിക്കുന്ന മൂന്നാമത്തെ പരോൾ ആണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 ഫെബ്രുവരി 17 നവനായിരുന്നു പെരിയ കല്ലോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27 നാണ് സാക്ഷിവിസ്‌താരം തുടങ്ങുകയും 22 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിക്കുകയും ചെയ്തത്. കേസിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു.