ഗൂഗിൾ പേ വഴി നൽകി പണം നൽകി: നേമത്ത് ബിജെപി വോട്ട് വിലയ്ക്കുവാങ്ങിയെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വോട്ട് വിലയ്ക്കുവാങ്ങിയെന്ന ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി. ശിവൻകുട്ടി. സ്ഥാനാർഥി അറിയാതെ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുനൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രീയമായ രീതിയിലാണ് വോട്ടുകച്ചവടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള ഐടി സംഘമാണ് ബൂത്തുകൾ കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം നൽകിയത്. ഓരോ ബൂത്തിലും തിരഞ്ഞെടുക്കപ്പെട്ട 50 വോട്ടർമാർക്ക് വീതം 2000 രൂപ ഗൂഗിൾ പേ വഴി നൽകി. തിരിച്ചറിയൽ കാർഡുമായി എത്തിയവർക്കാണ് പണം കൈമാറിയതെന്നും ശിവൻകുട്ടി ആരോപിച്ചു.
209 ബൂത്തുകളിൽ ഇത്തരത്തിൽ വോട്ടുകൾ ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. വ്യക്തികളെ നേരിട്ട് കണ്ട് വലിയ തുക നൽകിയും വോട്ട് വാങ്ങി. പ്രാദേശിക ബിജെപി പ്രവർത്തകർ പോലും അറിയാതെയാണ് ഈ നീക്കങ്ങൾ നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 3000 വോട്ടിന് എൽഡിഎഫ് ജയിച്ച വാർഡുകളിൽ ഇത്തവണ ഭൂരിപക്ഷം 9 വോട്ടിലേക്ക് താഴ്ന്നു. ഇത് വോട്ട് ചോർച്ചയുടെ തെളിവാണ്. ശബരീനാഥൻ അറിയാതെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ ബിജെപിയെ സഹായിച്ചു. കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടില്ലെന്ന് രാവിലെ പ്രതികരിച്ച ശിവൻകുട്ടി, വൈകിട്ടോടെയാണ് ഡീൽ ആരോപണവുമായി രംഗത്തെത്തിയത്.