യുപിയിൽ കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി; ‘എക്‌സാം സെന്റർ’ അടിച്ചുതകർത്ത് ഉദ്യോഗാർത്ഥികൾ
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ സാങ്കേതിക തകരാർ കാരണം എസ്.എസ്.സി (സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ) നടത്തുന്ന കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പരീക്ഷാ കേന്ദ്രം അടിച്ചുതകർത്ത് ഉദ്യോഗാർത്ഥികൾ. പ്രയാഗ്‌രാജിലെ സുനിത സിങ് സീതാ സിങ് മഹിളാ മഹാവിദ്യാലയത്തിലെ ഐടെക് സോൺ പരീക്ഷാ കേന്ദ്രമാണ് അടിച്ചു തകർത്തത്. കനത്ത ചൂടിൽ ദൂരസ്ഥലങ്ങളിൽ നിന്ന് പരീക്ഷ എഴുതാൻ വന്നിട്ട് തുടർച്ചയായി പലതവണ പരീക്ഷ റദ്ദാക്കിയതാണ് ഉദ്യോഗാർത്ഥികളെ രോഷാകുലരാക്കിയത്. പരീക്ഷയുടെ രണ്ടും മൂന്നും ഷിഫ്റ്റുകളാണ് റദ്ദാക്കിയത്. കാൺപൂരിലെയും ലക്‌നൗവിലെയും ചില കേന്ദ്രങ്ങളിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷ തടസ്സപ്പെട്ടവർക്ക് മറ്റൊരു ദിവസം പരീക്ഷ നടത്തുമെന്നും ഇതിനായുള്ള പുതിയ അഡ്മിറ്റ് കാർഡുകൾ എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രത്തിലെ കമ്പ്യൂട്ടറുകൾ കസേരകൾ എന്നിവയെല്ലാം ഉദ്യോഗാർത്ഥികൾ തല്ലിത്തകർക്കുകയും നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പരീക്ഷ റദ്ദാക്കിയതായി അറിയിപ്പ് വന്നതിന് പിന്നാലെയാണ് കോളേജ് കാമ്പസിന് അകത്തും പുറത്തും ഉദ്യോഗാർത്ഥികൾ ഒത്തുകൂടുകയും സംഘർഷമുണ്ടാക്കുകയും ചെയ്തത്. കേന്ദ്ര സായുധ പോലീസ് സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷ വിവിധ കാരണങ്ങളാൽ മുൻപും പലതവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. ഈ നിരാശയാണ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിലെ വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചത്.
എന്നാൽ പ്രയാഗ്‌രാജിലെ ഈ കേന്ദ്രത്തിൽ ചോദ്യപേപ്പർ ചോർച്ചയോ മറ്റ് ക്രമക്കേടുകളോ നടന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. പൂർണമായും സാങ്കേതിക തകരാറുകൾ മാത്രമാണ് പരീക്ഷ മുടങ്ങാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പോലീസ് നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. എങ്കിലും മുൻകാലങ്ങളിലെ അനുഭവങ്ങൾ കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കുന്ന രീതിയിൽ പരീക്ഷകൾ എത്രയും വേഗം പുനഃക്രമീകരിക്കുമെന്ന് എസ്എസ്‌സി ഉറപ്പുനൽകുന്നുണ്ട്.