ലബനാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം, 4 പേര്‍ കൊല്ലപ്പെട്ടു; ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍
തെഹ്‌റാൻ: യുഎസ്-ഇറാൻ സമാധാന നീക്കങ്ങൾക്കിടെ ലബനാനിലെ നബാട്ടിയേയിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ശേഷം ലെബനാനിൽ 84 തവണ ഇസ്രയേൽ ലംഘനം നടത്തിയതായി ഇറാൻ ആരോപിച്ചു. ആക്രമണം തുടർന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
യുഎസുമായുള്ള സമാധാന കരാറിൽ ലബനാനിലെ വെടിനിർത്തലും ഉൾപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആസ്തികൾ മരവിപ്പിച്ചത് ഒഴിവാക്കുക, ഉപരോധങ്ങൾ പിൻവലിക്കുക, ലബനാനിലെ ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ആവശ്യങ്ങളെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
അതേസമയം, ലബനാനിൽ താമസിക്കുന്നവരെല്ലാം ഹിസ്ബുല്ലകളല്ലെന്നും സാധാരണക്കാരുണ്ടെന്നും ഓർമ്മിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ലബനാനിലെ ആക്രമണങ്ങളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.