അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന
ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഘടന ആരംഭിക്കാൻ ഒരുങ്ങുന്നതായി സൂചന. സമാന ചിന്താഗതിക്കാരായ ആളുകളെ ഒരുമിച്ച് നിർത്തി ശക്തമായ ഒരു സന്നദ്ധപ്രവർത്തക അടിത്തറ കെട്ടിപ്പടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ‘മക്കൾ ശക്തി ഇയക്കം’ (ജനശക്തി പ്രസ്ഥാനം) എന്ന പേരിലായിരിക്കും പുതിയ സംഘടനയെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.
സിബിഎസ്ഇ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ നയം പിൻവലിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. ഇത് തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അനാവശ്യ മാനസിക സമ്മർദമുണ്ടാക്കുമെന്ന അണ്ണാമലൈയുടെ നിലപാടും, ത്രിഭാഷാ നയത്തെച്ചൊല്ലി കേന്ദ്രവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളുമാണ് പുതിയ നീക്കത്തിന് പിന്നിൽ.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് 2021 മുതൽ 2025 വരെ തമിഴ്നാട് ബിജെപിയെ നയിച്ചു. സി.എൻ അണ്ണാദുരൈ, ജെ. ജയലളിത എന്നിവർക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങൾ സഖ്യകക്ഷിയായ എഐഎഡിഎംകെയെ അകറ്റിയിരുന്നു. ഇതേത്തുടർന്ന് സഖ്യം പിരിയുകയും തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തോട് പരാജയപ്പെടുകയും ചെയ്തു.
പിന്നീട് സഖ്യം പുതുക്കിയപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്ന എഐഎഡിഎംകെ മേധാവി ഇ. പളനിസ്വാമിയുടെ മുൻവ്യവസ്ഥയെ തുടർന്ന് അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം നിയമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാമലൈ സ്വന്തം പ്രസ്ഥാനം രൂപീകരിക്കാൻ ഒരുങ്ങുന്നത്.