20/07/2026
[fontresizer_tawhidurrahmandear_widget]

ബിഹാറിൽ സർക്കാർ സ്‌കൂളുകളിലെ 3035 വ്യാജ അധ്യാപകരെ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ വകുപ്പ്; ഇവരിൽ നിന്ന് പലിശയടക്കം 1400 കോടി രൂപ ഈടാക്കും

 ബിഹാറിൽ സർക്കാർ സ്‌കൂളുകളിലെ 3035 വ്യാജ അധ്യാപകരെ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ വകുപ്പ്; ഇവരിൽ നിന്ന് പലിശയടക്കം 1400 കോടി രൂപ ഈടാക്കും

പട്‌ന: വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച 3,035 സർക്കാർ സ്‌കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വിജിലൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ വിശദമായ അന്വേഷണത്തിൽ അധ്യാപകർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി. ഇതോടൊപ്പം ഇത്രയും കാലം ഇവർ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 1,400 കോടി രൂപയാണ് ഇത്തരത്തിൽ പലിശ ഉൾപ്പെടെ അധ്യാപകരിൽ നിന്ന് ഈടാക്കുക. കുറ്റക്കാരായ അധ്യാപകർക്കെതിരെ കടുത്ത അച്ചടക്ക നടപടികളും ക്രിമിനൽ നിയമപ്രകാരമുള്ള കേസും രജിസ്റ്റർ ചെയ്യുമെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി പട്‌നയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. അഴിമതിക്കെതിരെ കേന്ദ്രസംസ്ഥാന സർക്കാരുകൾ വെച്ചുപുലർത്തുന്ന സീറോ ടോളറൻസ് നയത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജ അധ്യാപകർക്കെതിരെ ഇതുവരെ 1,830 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാനമായും 2006 നും 2015 നും ഇടയിൽ നടന്ന അധ്യാപക നിയമനങ്ങളിലാണ് വ്യാപകമായ രീതിയിൽ ഈ തിരിമറി നടന്നിട്ടുള്ളത്. ഇന്ത്യയിലെയും നേപ്പാളിലെയും വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 378 ഓളം ബോർഡുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും എടുത്ത വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇവർ ജോലി നേടാൻ ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിനായി ഏകദേശം മൂന്നര ലക്ഷത്തോളം അധ്യാപകരുടെ 6.70 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളാണ് വിജിലൻസ് ബ്യൂറോ വിശദമായി പരിശോധിച്ചത്.

വിജിലൻസ് അന്വേഷണം ശക്തമായതോടെ നിയമനടപടികളിൽ നിന്നും പണം തിരിച്ചുപിടിക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ നിരവധി വ്യാജ അധ്യാപകർ തനിയെ രാജി സമർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ അന്വേഷണം ആരംഭിക്കുന്നതിന് മുൻപോ ശേഷമോ രാജി നൽകിയതുകൊണ്ട് മാത്രം ആരും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകി. രാജിവെച്ചവർക്കെതിരെയും ശക്തമായ വകുപ്പുതല നടപടികളും പണം തിരിച്ചുപിടിക്കലും ഉണ്ടാകും. അർഹതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രം അവസരം ഉറപ്പാക്കാനും വിദ്യാഭ്യാസ മേഖലയിലെ സുതാര്യത വീണ്ടെടുക്കാനുമാണ് സർക്കാർ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

Also read: