04/09/2026
[fontresizer_tawhidurrahmandear_widget]

മാലിന്യം നീക്കുന്നതിന് പകരം എഐ ചിത്രം, ഹാജർ രേഖപ്പെടുത്താൻ ജിപിഎസ് സ്പൂഫിങ്; നഗരസഭാ ജീവനക്കാർക്കെതിരെ കർശന നടപടി

 മാലിന്യം നീക്കുന്നതിന് പകരം എഐ ചിത്രം, ഹാജർ രേഖപ്പെടുത്താൻ ജിപിഎസ് സ്പൂഫിങ്; നഗരസഭാ ജീവനക്കാർക്കെതിരെ കർശന നടപടി

ഗുരുഗ്രാം: ജോലിയിൽ കൃത്രിമം കാണിച്ച നാല് താൽക്കാലിക നഗരസഭാ ജീവനക്കാർക്കെതിരെ നടപടി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ജോലി ചെയ്യാതെ എഐ ഉപയോഗിച്ച് ചിത്രങ്ങളിൽ കൃത്രിമം കാണിച്ചും ജിപിഎസ് സ്പൂഫിങ്ങ് വഴി ഹാജരിൽ കൃത്രിമം കാണിച്ചതിനാട് നടപടി. നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിച്ചുവെന്ന് കാണിക്കാൻ ഇവർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ തരത്തിലുള്ള വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. എന്നാൽ പൊതുജനങ്ങൾ വീണ്ടും രംഗത്തെത്തിയതോടെയാണ് നഗരസഭയുടെ ആഭ്യന്തര അന്വേഷണ വിഭാഗം ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ജീവനക്കാർ ഹാജർ രേഖപ്പെടുത്തുന്നതിലും വലിയ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ജിപിഎസ് സ്പൂഫിംഗ് ആപ്ലിക്കേഷനുകൾ മൊബൈലിൽ ദുരുപയോഗം ചെയ്ത് തങ്ങൾ ജോലി സ്ഥലത്തുണ്ടെന്ന് വ്യാജമായി കാണിച്ചാണ് ഇവർ ദിവസേന ഹാജർ രേഖപ്പെടുത്തിയിരുന്നത്.

നഗരസഭയുടെ ഭരണം നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് ഈ ജീവനക്കാരുടെ മേൽ കൃത്യമായ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഭരണപരമായ വീഴ്ചകൾക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നുണ്ട്.

പൊതുജനങ്ങളുടെ വിശ്വാസം തകർക്കുകയും ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തതിനാണ് കുറ്റക്കാരായ നാല് ജീവനക്കാരെയും ഉടനടി പിരിച്ചുവിട്ടതെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്ത് ഔദ്യോഗിക ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിരീക്ഷണവും കർശന നടപടികളും തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: