‘ഹോർമുസ് കടന്നാൽ 36 ലക്ഷം ഓഫർ; മിസൈൽ കപ്പലിൽ വീഴട്ടെ, പണം തരാമെന്ന് കമ്പനി’; കടലിടുക്കിൽനിന്ന് ആശങ്ക പങ്കുവച്ച് മലയാളി നാവികൻ
തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽനിന്ന് ആശങ്ക പങ്കുവച്ച് മലയാളി നാവികൻ. മെർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന നാവികനായ വിഷ്ണു കുളങ്ങര എന്ന വിച്ചു സെയിലറാണ് തന്റെ ഇൻസ്റ്റ പേജിലൂടെ ഹോർമുസ് കടക്കാൻ പോവുകയാണെന്ന വിവരം പങ്കുവെച്ചത്. ഒരുപാട് ആളുകൾ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലമാണിതെന്നും 36 ലക്ഷം രൂപയാണ് ഹോർമുസ് കടക്കാൻ കമ്പനി ക്യാപ്റ്റന് വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും വിഷ്ണു വീഡിയോയിൽ പറയുന്നു. ജീവനക്കാർക്ക് മൂന്നിരട്ടി ശമ്പളം നൽകാമെന്ന് പറഞ്ഞിട്ടും അത് വെറും വാഗ്ദാനമായി മാറുകയാണെന്നും കപ്പലിൽ മിസൈൽ വീഴട്ടെ എന്നാൽ തരാം എന്ന നിലപാടാണ് കമ്പനി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ മേഖലയിലെ സാഹചര്യം ശാന്തമാണെങ്കിലും ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന ആശങ്കയുണ്ട്. ക്രൂഡ് ഓയിൽ ലോഡ് ചെയ്ത് സുരക്ഷിതമായി തിരിച്ചെത്തിയ ശേഷമേ പൂർണ ആത്മവിശ്വാസത്തോടെ സുരക്ഷിതമാണെന്ന് പറയാൻ കഴിയൂ എന്നും വിച്ചു പറഞ്ഞു. ഹോർമുസ് കടക്കുന്നതുവരെ നാരായണ ഹോർമുസ് കടന്നാൽ കൂരായണ എന്ന നിലപാടാണ് കമ്പനി എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോക്ക് താഴെ നിരവധിയാളുകളാണ് ആശംസകളും പ്രാർത്ഥനകളും പങ്കുവെച്ചത്.