ഇ20 പെട്രോൾ: ‘എഞ്ചിൻ ഇൻജെക്ടറുകൾ അടയുന്നു, ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നു’; തുടർച്ചയായ തകരാറുകളിൽ ആശങ്ക പ്രകടിപ്പിച്ച് മെക്കാനിക്കുകൾ
ന്യൂഡൽഹി: തണുപ്പുള്ള രാവിലെകളിൽ ബൈക്കുകൾ സ്റ്റാർട്ടാകാതിരിക്കുക, കാറുകൾ പെട്ടെന്ന് ഓഫാകുക, മൈലേജ് പകുതിയായി കുറയുക എന്നീ പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ വാഹന ഉടമകൾ ഇപ്പോൾ കടന്നുപോകുന്നത്. എഞ്ചിൻ ഇൻജെക്ടറുകൾ അടഞ്ഞുപോകുന്നതും ഇന്ധനക്കുഴലുകൾ ദ്രവിക്കുന്നതും റബ്ബർ ഭാഗങ്ങളിൽ വിള്ളലുണ്ടാകുന്നതും വർക്ക്ഷോപ്പുകളിൽ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.
2025 ഏപ്രിലിൽ രാജ്യവ്യാപകമായി E20 പെട്രോൾ (20% എഥനോൾ ചേർത്ത പെട്രോൾ) അവതരിപ്പിച്ചതിന് ശേഷമാണ് ഈ പ്രശ്നങ്ങൾ വ്യാപകമായതെന്ന് മെക്കാനിക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. വെറും മൂന്നോ നാലോ വർഷം മാത്രം പഴക്കമുള്ള ബൈക്കുകൾ വരെ എഞ്ചിൻ മിസ്ഫയറിങ്, സ്റ്റാർട്ടിങ് ബുദ്ധിമുട്ടുകൾ എന്നിവയുമായി എത്തുന്നുണ്ട്. പെട്രോളിൽ നിന്ന് വെള്ളവും കറുത്ത അവശിഷ്ടങ്ങളും വേർതിരിഞ്ഞ് എഞ്ചിനിലേക്ക് പോകുന്നതാണ് ഈ തകരാറുകൾക്ക് കാരണം.
അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും കരിമ്പ് കർഷകരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ എഥനോൾ മിശ്രിതം കൂട്ടുന്നത്. E20-ക്ക് പിന്നാലെ, ജൂണിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഇതിലും ഉയർന്ന നിരക്കുള്ള E85 ഇന്ധനം ഡൽഹിയിൽ പുറത്തിറക്കിയിരുന്നു. ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കായുള്ള ഈ ഇന്ധന വിതരണം ഈ വർഷം ഡിസംബറോടെ 500 ഔട്ട്ലെറ്റുകളിലേക്കും 2027-ഓടെ 5000 കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. എന്നാൽ E20 ഇന്ധനത്തിൽ തന്നെ ലക്ഷക്കണക്കിന് വാഹനങ്ങൾ കട്ടപ്പുറത്താകുമ്പോൾ അടുത്ത ഘട്ടത്തിലേക്കുള്ള മാറ്റം ആശങ്ക കൂട്ടുന്നു.
എഥനോൾ ചേർത്ത പെട്രോളിന് ഊർജ്ജക്ഷമത കുറവായതിനാൽ മൈലേജ് കുറയുമെന്ന് പി.ഐ.ബി പുറത്തിറക്കിയ വിശദീകരണത്തിൽ സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. പഴയ വാഹനങ്ങളിലെ റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങൾ നശിക്കാനുള്ള സാധ്യതയും സർക്കാർ അംഗീകരിക്കുന്നു. എങ്കിലും ഊർജ്ജ സുരക്ഷയും വിദേശനാണ്യ ലാഭവും കണക്കിലെടുക്കുമ്പോൾ ഈ ചെറിയ നഷ്ടങ്ങൾ അവഗണിക്കാമെന്നാണ് ഔദ്യോഗിക നിലപാട്.
മുമ്പ് ഒരു ലിറ്റർ ഇന്ധനത്തിന് ഏകദേശം 14 കിലോമീറ്റർ മൈലേജ് കിട്ടിയിരുന്നു. ഇന്ന് അത് കഷ്ടിച്ച് ഏഴോ എട്ടോ കിലോമീറ്റർ മാത്രമാണ് നൽകുന്നതെന്നാണ് ഒരു റാപ്പിഡോ ഡ്രൈവർ പറയുന്നത്. വാങ്ങുന്ന ഓരോ അധിക ലിറ്റർ ഇന്ധനവും അദ്ദേഹത്തിന്റെ വരുമാനത്തെ ബാധിക്കുന്നു. ഈ പരാതി ഒരാളുടേത് മാത്രമല്ല. മുൻപത്തേക്കാൾ കൂടുതൽ ഇന്ധനം വാഹനത്തിന് വേണം, എഞ്ചിന് പവർ കുറവാണ്, തുടർച്ചയായി റിപ്പയറിങ് ബില്ലുകൾ വരുന്നു എന്നിങ്ങനെ ഒരേ തരത്തിലുള്ള പരാതികളുമായാണ് ഉപഭോക്താക്കൾ വർക്ക്ഷോപ്പിലേക്ക് വരുന്നത്.
മൈലേജ് പകുതിയായി കുറഞ്ഞത് സാധാരണക്കാരായ പ്രവാസികളുടെയും റാപ്പിഡോ ഡ്രൈവർമാരുടെയും വരുമാനത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. 37,000-ത്തിലധികം വാഹന ഉടമകൾക്കിടയിൽ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേ പ്രകാരം, മൂന്നിൽ രണ്ട് പേരും മൈലേജ് കുറഞ്ഞതായി പരാതിപ്പെട്ടു. 28% പേർക്ക് എഞ്ചിനിലും ഫ്യുവൽ ലൈനുകളിലും അസാധാരണമായ കേടുപാടുകൾ സംഭവിച്ചു. സാധാരണ പെട്രോളിൽ നിന്ന് വ്യത്യസ്തമായി എഥനോൾ അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ, വാഹനം പാർക്ക് ചെയ്തിടുമ്പോൾ ടാങ്കിനുള്ളിൽ വെള്ളം വേർതിരിഞ്ഞ് തുരുമ്പെടുക്കാൻ കാരണമാവുകയും ചെയ്യും. ഓട്ടോമൊബൈൽ നിർമാതാക്കളും ഈ പരിമിതികൾ അംഗീകരിച്ചിട്ടുണ്ട്.