22/07/2026
[fontresizer_tawhidurrahmandear_widget]

‘സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ സിപിഎം കൈയ്യടക്കി; ഇവർ കാരണമാണ് ഞാൻ പാർട്ടി വിട്ടത്’- ജി. സുധാകരൻ

 ‘സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ സിപിഎം കൈയ്യടക്കി; ഇവർ കാരണമാണ് ഞാൻ പാർട്ടി വിട്ടത്’- ജി. സുധാകരൻ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെയും സജി ചെറിയാൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി മുതിർന്ന നേതാവും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരൻ രംഗത്ത്. സജി ചെറിയാൻ, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടി കൈയടക്കിയെന്നും ഇവർ കാരണമാണ് താൻ സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയതെന്നും അദ്ദേഹം തുറന്നടിച്ചു. കഞ്ചാവ് കച്ചവടക്കാരുടെയും അഴിമതിക്കാരുടെയും പാർട്ടിയായി സിപിഎം അധഃപതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ജനങ്ങളിൽ നിന്ന് നൂറുശതമാനവും ഒറ്റപ്പെട്ട നേതാവാണെന്ന് സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടികളുടെ വ്യാപ്തിയും കാരണങ്ങളും തിരിച്ചറിയാനുള്ള ബൗദ്ധികമായ കഴിവോ കായികക്ഷമതയോ നിലവിലെ ജില്ലാ നേതൃത്വത്തിനില്ല. തങ്ങളൊക്കെ പ്രവർത്തിച്ചു വളർത്തിയ കമ്മ്യൂണിസം നഷ്ടപ്പെട്ട പാർട്ടിക്ക് ഇപ്പോൾ പേര് മാത്രമാണ് അവശേഷിക്കുന്നത്. സ്വന്തം പാർട്ടിയെ കൂടുതൽ കുഴിയിലാക്കാതെ നോക്കാനെങ്കിലും ജില്ലാ സെക്രട്ടറി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിൽ പാർട്ടിക്കുണ്ടായ വൻ തകർച്ച അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു സുധാകരന്റെ വിമർശനം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാർട്ടിയെ തോൽപ്പിച്ചു. മുൻപ് ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിൽ എട്ടും എൽഡിഎഫിന്റെ കൈവശമായിരുന്നത് ഇപ്പോൾ മൂന്നായി ചുരുങ്ങി. തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ തകർച്ചയാണുണ്ടായത്. ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനം പങ്കിട്ടെടുക്കുന്ന അവസ്ഥയുണ്ടായിട്ടും ഭരണം നഷ്ടപ്പെട്ടു. മുൻപ് 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 എണ്ണവും സിപിഎം ഭരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചെണ്ണം മാത്രമാണുള്ളത്. സിപിഎം ഒരിക്കലും തോൽക്കാതിരുന്ന കൈനകരി പഞ്ചായത്ത് അടക്കം ജില്ലയിലെ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലെയും ഭരണം പാർട്ടിക്ക് നഷ്ടപ്പെട്ടതായും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.

Also read: