‘കോടതിയുടെ മുകളിലാണോ നിങ്ങൾ? മാധ്യമങ്ങൾ കോടതിയാകാൻ ശ്രമിക്കേണ്ട’; SRFTI ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി
ന്യൂഡൽഹി: കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (SRFTI) ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രിയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സുരേഷ് ഗോപി. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രകോപിതനായാണ് മന്ത്രി പ്രതികരിച്ചത്. ‘നിങ്ങൾ കോടതിയുടെ മുകളിലാണോ’ എന്ന് ചോദിച്ച സുരേഷ് ഗോപി, മാധ്യമങ്ങൾ കോടതിയാകാൻ ശ്രമിക്കേണ്ടെന്നും വ്യക്തമാക്കി.
ഡീൻ വിപിൻ വിജയ് കുറ്റക്കാരനാണെന്ന് ഇൻ്റേണൽ കമ്മിറ്റി കണ്ടെത്തിയിട്ടും ചെയർമാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇൻ്റേണൽ കമ്മിറ്റി റിപ്പോർട്ട് വന്നതുകൊണ്ട് മാത്രം തീരുമാനമെടുക്കാനാകില്ലെന്നും നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ കോടതി സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി തീരുമാനത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യൂ. നാളെ കോടതി ഡീനിന്റെ പക്ഷം ചേർന്നാൽ, മാധ്യമങ്ങൾ ചോദ്യം മാറ്റി ചോദിക്കുമെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. രണ്ട് വർഷം മുൻപാണ് മുൻ വിദ്യാർഥിനിയും അധ്യാപക പാനലിലെ ഒരാളും ഡീനിനെതിരെ പരാതി നൽകിയത്. ഇൻ്റേണൽ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയെ മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയർമാനായി നിയമിച്ചതോടെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.