21/07/2026
[fontresizer_tawhidurrahmandear_widget]

വിയറ്റ്‌നാം സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ 2 മലയാളികളും;ആകെ 15 മരണം

 വിയറ്റ്‌നാം സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ 2 മലയാളികളും;ആകെ 15 മരണം

ഫൂ ക്വോക്ക്: വിയറ്റ്‌നാമിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ രണ്ട് മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ വി തോമസ്, ഭാര്യ ലൗനി എന്നിവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എം പി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ടവരിൽ കൂടുതലും തമിഴ്‌നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴനി സ്വദേശിയായ മുരുകപ്രഭു (44) ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ വിതരണക്കാരനായ ഇദ്ദേഹത്തിന് മികച്ച സേവനത്തിനുള്ള അംഗീകരമായാണ് വിദേശ യാത്രയ്ക്ക് അയച്ചത്.

32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് വിയറ്റ്‌നാം സ്വദേശികളായ ജീവനക്കാരുമുൾപ്പെടെ 36 പേരുമായി സഞ്ചരിച്ച ബോട്ടാണ് വലിയൊരു ദുരന്തത്തിന് ഇരയായത്. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് കാഴ്ചകൾ കണ്ട് ആൻ തോയ് പോർട്ടിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് തീരത്തുനിന്ന് ഏകദേശം 400 മീറ്റർ മാത്രം അകലെ വെച്ചാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തുണ്ടായ ശക്തമായ കാറ്റും ഉയർന്ന തിരമാലകളുമാണ് ബോട്ട് തലകീഴായി മറിയാൻ കാരണമായതെന്നാണ് വിയറ്റ്‌നാം അധികൃതർ നൽകുന്ന വിവരം. മഴ പെയ്തിരുന്നില്ലെങ്കിലും കടൽ അത്യന്തം പ്രക്ഷുബ്ധമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാര ബോട്ടുകൾ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

തുടർന്ന് ബോർഡർ ഗാർഡ്, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവരും അത്യാധുനിക സജ്ജീകരണങ്ങളുമായി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ബോട്ട് പൂർണ്ണമായും തലകീഴായി മറിഞ്ഞതിനാൽ യാത്രക്കാരിൽ ഭൂരിഭാഗവും ബോട്ടിനുള്ളിൽ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. ബോട്ടിലുണ്ടായിരുന്നവരിൽ 21 പേരെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ആന്ധ്രാപ്രദേശ് സ്വദേശികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി അപകടവിവരം സ്ഥിരീകരിക്കുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയുമാണ്. ബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹനോയിയിലുള്ള ഇന്ത്യൻ എംബസിയിലും ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റ് ജനറൽ ഓഫീസിലും അടിയന്തര കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും സഹായം ഉറപ്പാക്കാൻ ഹെൽപ്പ്‌ലൈൻ നമ്പറുകളും പുറത്തുവിട്ടു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തീവ്രദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

Also read: