അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ടപ്പിരിച്ചുവിടല്‍; 50% ജീവനക്കാരെ ബാധിക്കും
ന്യൂഡൽഹി: അഡിഡാസിന്റെ ഗുരുഗ്രാമിലുള്ള ഇന്ത്യ ടെക് ഹബ്ബിൽ വൻ കൂട്ടപ്പിരിച്ചുവിടൽ. സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ എന്നിവരടക്കം 50 ശതമാനത്തോളം ജീവനക്കാരെയാണ് തീരുമാനം ബാധിക്കുന്നത്. സാങ്കേതികവിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മാറിവരുന്ന ബിസിനസ് സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തനരീതി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡിഡാസ് അറിയിച്ചു. ആകെ ഉണ്ടായിരുന്ന എഴുന്നൂറോളം ജീവനക്കാരിൽ 350-ലേറെ പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. സെപ്റ്റംബർ 15-ന് ചേർന്ന ടൗൺഹാൾ യോഗത്തിലാണ് പിരിച്ചുവിടൽ തീരുമാനം വ്യക്തമാക്കിയത്.
ജോലി നഷ്ടമാകുന്ന ജീവനക്കാരെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഒരു വിഭാഗത്തിന് തീരുമാനം വന്ന ദിവസം തന്നെ പിരിച്ചുവിടൽ കത്തുകൾ നൽകി. രണ്ടാമത്തെ വിഭാഗത്തിന് സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറാനും കമ്പനിക്കുള്ളിൽ മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താനും ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസംബറിനുള്ളിൽ പുതിയ റോൾ കണ്ടെത്താൻ സാധിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം ഡിസംബർ 15 ആയിരിക്കും. നോട്ടീസ് പേ, സെവറൻസ് പാക്കേജ് എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
അഡിഡാസിന്റെ ആഗോള എൻജിനീയറിങ് ടെക് ഹബ്ബുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗുരുഗ്രാമിലേത്. 2024-ൽ ചെന്നൈയിൽ പുതിയ ഗ്ലോബൽ ബിസിനസ് സർവീസ് സെന്റർ ആരംഭിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനിടെയാണ് കമ്പനിയുടെ നീക്കം.