30/09/2026
[fontresizer_tawhidurrahmandear_widget]

നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

 നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം എം.എ.സി.ടി കോടതി. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്.

2023 ജൂൺ 5-ന് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കുടുംബം സമർപ്പിച്ച നഷ്ടപരിഹാര ഹർജിയും അനുബന്ധ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചത്.

സുധിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ആശ്രിതരുടെ അവകാശങ്ങളും പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.

സുധിയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും അമ്മയ്ക്കുമാണ് നഷ്ടപരിഹാരത്തുകയിൽ അവകാശം. മലയാള സിനിമാ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്നതിനിടെയായിരുന്നു കൊല്ലം സുധിയുടെ മരണം.

Also read: