പൊന്നും വിലയുള്ള കോഴി! ലേലത്തുക 45,000 രൂപ
കടുത്തുരുത്തി: മാൻവെട്ടം സെയിന്റ് ജോർജ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചു നടന്ന ലേലത്തിൽ ഒരു കോഴിക്ക് ലഭിച്ചത് 45,000 രൂപ. അരീച്ചിറയിൽ സ്റ്റീഫനാണ് ഈ തുകയ്ക്ക് കോഴിയെ ലേലത്തിൽ പിടിച്ചത്. ലേലത്തിൽ വിളിച്ചെടുത്ത കോഴിയെ അദ്ദേഹം പള്ളിക്കുതന്നെ തിരികെ നൽകി. തുടർന്ന് ഇതേ കോഴിയെ രണ്ടാമതും ലേലത്തിന് വെച്ചപ്പോൾ പതിനായിരം രൂപ കൂടി ലഭിച്ചു. അതിവേഗം പുരോഗമിച്ച ലേലത്തിലൂടെ മൂന്ന് ലക്ഷത്തോളം രൂപയാണ് പള്ളിക്ക് ലഭിച്ചത്. തിരുസ്വരൂപത്തിൽ ചൂടിയ ഏലയ്ക്കാമാല ലേലത്തിൽ വെച്ചപ്പോൾ 15,000 രൂപയും ലഭിച്ചു.
നൂറ്റാണ്ടുകളായി മാൻവെട്ടം പള്ളിയിൽ പുണ്യാളന്റെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രധാന നേർച്ചകളാണ് കോഴിനേർച്ചയും കള്ളപ്പവും. പണ്ടുമുതൽ പള്ളിയിലെ ലേലം നടത്തുന്ന ഇടവകയിലെ ചെരുവൻകാലായിൽ കുടുംബാംഗമായ വാവച്ചനാണ് ഇത്തവണയും ലേലം നടത്തിയത്. കോഴിയെ കൂടാതെ ആട്, താറാവ്, പശുക്കിടാവ് തുടങ്ങിയവയെല്ലാം പള്ളിയിൽ നേർച്ചയായി ലഭിക്കാറുണ്ട്. ഇക്കുറി 60 കോഴികളെയും രണ്ട് ആട്ടിൻകുട്ടികളെയുമാണ് ഭക്തർ നേർച്ചയായി സമർപ്പിച്ചത്.