റിപ്പോർട്ടർ ടിവിയിലെ എസ്ഐടി റെയ്ഡ് നിയമപരം; വാർത്താ സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചാനൽ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനകൾ തികച്ചും നിയമപരമായ അന്വേഷണ നടപടികളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റെയ്ഡിനിടെ ചാനലിലെ വാർത്താ സംപ്രേഷണം തടസ്സപ്പെട്ടതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, ആ ചാനലിലൂടെ തന്നെയാണ് താനും വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരുമെന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും, ജി.എസ്.ടി വെട്ടിപ്പ് ആരോപണങ്ങളിലുമാണ് നിലവിൽ ചാനലിനെതിരെ അന്വേഷണം പുരോഗമിക്കുന്നത്.
അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പ് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കോടതിയിൽ നിന്നുള്ള സെർച്ച് വാറന്റോട് കൂടിയാണ് നിയമപരമായി റെയ്ഡ് നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിനുപുറമെ, ജി.എസ്.ടി വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ റെയ്ഡ് സർക്കാരിന്റെ ഏതെങ്കിലും നയപരമായ തീരുമാനത്തിന്റെ ഭാഗമല്ലെന്നും, മറിച്ച് തികച്ചും സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്വീകരിച്ച നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.