20/10/2026
[fontresizer_tawhidurrahmandear_widget]

വസ്ത്രമഴിക്കാൻ ശ്രമിച്ചതും നെഞ്ചിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന പട്‌ന ഹൈക്കോടതി വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

 വസ്ത്രമഴിക്കാൻ ശ്രമിച്ചതും നെഞ്ചിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന പട്‌ന ഹൈക്കോടതി വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീയുടെ വസ്ത്രമഴിക്കാൻ ശ്രമിച്ചതും നെഞ്ചിൽ സ്പർശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. ഹൈക്കോടതി വിധിന്യായത്തിലെ ചില നിരീക്ഷണങ്ങൾ തീർത്തും അപകീർത്തികരവും അനുചിതവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധി റദ്ദാക്കുന്നതിന് മുന്നോടിയായി പ്രതിക്ക് നോട്ടീസ് നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വിധിന്യായത്തിൽ അങ്ങേയറ്റം ആക്ഷേപകരമായ പരാമർശങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ബിഹാർ അഡ്വക്കേറ്റ് ജനറൽ എസ്.ഡി. സഞ്ജയിയോട് പറഞ്ഞു. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പ്രതിയുടെ വാദം കൂടി കേട്ടതിനു ശേഷമേ പ്രസ്തുത ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതിക്ക് സാധിക്കുകയുള്ളൂ. അതിനാൽ ലോക്കൽ പോലീസ് മുഖേന പ്രതിക്ക് നോട്ടീസ് ലഭിച്ചുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകി. പ്രതിയുടെ ഭാഗം വിശദമായി കേട്ട ശേഷമായിരിക്കും ഈ കേസിൽ സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

സ്ത്രീയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചതും നെഞ്ചിൽ സ്പർശിച്ചതും ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായോ അതിനുള്ള ഉദ്ദേശ്യത്തോടെയുള്ള നടപടികളോ തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇത് ബലാത്സംഗശ്രമമല്ലെന്നും, സ്ത്രീത്വത്തെ അപമാനിക്കൽ എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ മാത്രമേ വരൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ വിവാദ വാദം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 511 വകുപ്പുകൾ പ്രകാരമുള്ള പ്രതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

നേരത്തെ സമാനമായ രീതിയിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധി സുപ്രീം കോടതി റദ്ദാക്കിയ ഘട്ടത്തിലാണ് പട്‌ന ഹൈക്കോടതിയുടെ ഈ ഉത്തരവും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സംവേദനക്ഷമതയെക്കുറിച്ച് സുപ്രീം കോടതി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ മാർഗ്ഗനിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് പട്‌ന ഹൈക്കോടതി വീണ്ടും സമാനമായ നിരീക്ഷണം നടത്തിയതെന്ന് മുതിർന്ന അഭിഭാഷകർ സുപ്രീം കോടതിയെ ധരിപ്പിച്ചു. തുടർന്നാണ് പരമോന്നത കോടതി ഈ കേസിൽ നേരിട്ട് ഇടപെട്ടത്.

Also read: