‘ക്ഷണം സ്വീകരിച്ചിട്ടില്ല, നൽസാർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കില്ല’; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്സിറ്റിയിലെ 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ചടങ്ങിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം, വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജോധ്പൂരിൽ ദേശീയ നിയമ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബറിലോ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതായി നാൽസാർ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, യൂണിവേഴ്സിറ്റിയിലെ 1,400 ഓളം വിദ്യാർഥികളിൽ 400-ലധികം പേർ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും കോളജ് അധികൃതർക്ക് കത്തെഴുതുകയും ചെയ്തു. ജൂലൈ 20-ന് വിദ്യാർഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് നയിച്ച ബെഞ്ച് നടത്തിയ ചില പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്.
പ്രതിഷേധത്തിൽ പ്രകോപിതരായി വിദ്യാർഥികളുടെ എൻറോൾമെന്റ് അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) നിർദേശം നൽകിയിരുന്നെങ്കിലും, സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ഉയർന്നതോടെ മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിച്ചു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി, വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും വിഷയത്തിൽ അനാവശ്യമായി ഇടപെടാൻ ബിസിഐക്ക് അധികാരമില്ലെന്നും വ്യക്തമാക്കി നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിരുദദാന ചടങ്ങിൽ നിന്ന് മാറിനിൽക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.