നേഹ ബോറ തന്നേക്കാള്‍ മികച്ചതെന്ന് പറഞ്ഞതിനെ അംഗീകരിച്ച് ദിപ്‌കെ; താരതമ്യമല്ല, ഐക്യദാര്‍ഢ്യമാണ് വേണ്ടതെന്ന് നേഹ
ന്യൂഡല്‍ഹി: തന്നേക്കാള്‍ മികച്ച നേതാവ് വിദ്യാര്‍ത്ഥി നേതാവായ നേഹ ബോറയാണെന്ന എക്സ് പോസ്റ്റ് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അംഗീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. എന്നാല്‍ വ്യക്തിപരമായ താരതമ്യങ്ങളല്ല, മറിച്ച് യോജിച്ചുള്ള പോരാട്ടവും ഐക്യദാര്‍ഢ്യവുമാണ് മുഖ്യവേണ്ടതെന്ന നിലപാടുമായി നേഹ ബോറ രംഗത്തെത്തി.
‘അഭിജീത് ദിപ്‌കെയേക്കാള്‍ കഴിവുള്ളത് നേഹ ബോറയ്ക്കാണ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ‘അമോക്’ എന്ന എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടിയത്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ‘ഞാന്‍ അംഗീകരിക്കുന്നു’ എന്ന് അഭിജീത് ദിപ്‌കെ കുറിക്കുകയായിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ‘താരതമ്യമല്ല, ഐക്യദാര്‍ഢ്യമാണ് വേണ്ടത്; നമ്മള്‍ ഇത് ഒരുമിച്ചാണ് പോരാടുന്നത്’ എന്ന് നേഹ ബോറ വ്യക്തമാക്കുകയാണുണ്ടായത്.
കോണ്‍ഗ്രസ് അനുകൂല നിലപാടുകളും ആം ആദ്മി പാര്‍ട്ടിക്കെതിരായ പോസ്റ്റുകളും പങ്കുവെക്കുന്ന പാരഡി അക്കൗണ്ടാണ് അമോകിന്റേത്. സിജെപി നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സൗരവ് ദാസിന്റെ പ്രസ്താവനകളെയും ഈ അക്കൗണ്ട് പരിഹസിച്ചിരുന്നു. നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 10-ന് ആരംഭിക്കുന്ന ജനകീയ മുന്നേറ്റം ജനങ്ങള്‍ ഏറ്റെടുക്കണമെന്നുമായിരുന്നു സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസിന്റെ എക്സ് പോസ്റ്റ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്‌കെയും നേഹ ബോറയും അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരം പുരോഗമിക്കുന്നതിനിടയാണ് ഓണ്‍ലൈന്‍ സംഭവവികാസങ്ങള്‍.