19/10/2026
[fontresizer_tawhidurrahmandear_widget]

വ്യാജ ഒപ്പുകളും ഗ്രാമസഭകളും; ഒഡീഷയിലെ ആദിവാസി ഭൂമി ഖനനത്തിനായി അദാനി ഗ്രൂപ്പ് പിടിച്ചെടുക്കുന്നതായി പരാതി

 വ്യാജ ഒപ്പുകളും ഗ്രാമസഭകളും; ഒഡീഷയിലെ ആദിവാസി ഭൂമി ഖനനത്തിനായി അദാനി ഗ്രൂപ്പ് പിടിച്ചെടുക്കുന്നതായി പരാതി

‘ഞാന്‍ എപ്പോഴും ഇംഗ്ലീഷിലാണ് ഒപ്പിടാറുള്ളത്. എന്നാല്‍ രേഖയിലുള്ളത് വേറെ ആരോടെയോ വിരലടയാളമാണ്,’ ഒഡീഷയിലെ ഗോത്രവർഗ്ഗ മേഖലയായ കോരാപ്പുട്ട് ജില്ലയിലെ ബാള്‍ഡ ഗ്രാമത്തിലെ വ്യാപാരിയായ ഖാര പറയുന്നു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സബ്സിഡിയറിയായ കലിംഗ അലുമിന ലിമിറ്റഡ് വികസിപ്പിക്കുന്ന പുതിയ ബോക്സൈറ്റ് ഖനിക്കായി ഭൂമി നഷ്ടപ്പെടുന്ന നൂറുകണക്കിന് ആദിവാസികളില്‍ ഒരാളാണ് ഖാര.

24 ദശലക്ഷം ഡോളര്‍ (ഏകദേശം 227.7 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ബാള്‍ഡ കുന്നിന്റെ വലിയൊരു ഭാഗം ഇല്ലാതാക്കും. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് സമ്മതിച്ച്, കഴിഞ്ഞ ഒക്ടോബര്‍ 9-ന് ബാള്‍ഡയിലും ബന്നൂരിലും നടന്ന ഗ്രാമസഭാ യോഗങ്ങളില്‍ 600-ഓളം ആദിവാസികളുടെ ഒപ്പുകളും വിരലടയാളങ്ങളും ശേഖരിച്ചുവെന്നാണ് അവകാശവാദം. എന്നാൽ തങ്ങൾ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പുറത്ത് പ്രതിഷേധിക്കുകയായിരുന്നുവെന്നുമാണ് ഖാര ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.

നിയമപ്രകാരം വനഭൂമി മറ്റ് ആവശ്യങ്ങൾക്ക് മാറ്റുന്നതിന് ഗ്രാമസഭയിലെ 50 ശതമാനം പേരുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. ആകെയുള്ള 580 മുതിർന്ന പൗരന്മാരും പദ്ധതിക്ക് സമ്മതിച്ചതായി സർക്കാർ രേഖകൾ പറയുമ്പോൾ, ഗ്രാമത്തലവന്മാർ ഇത് പൂർണ്ണമായും നിഷേധിക്കുകയും യോഗങ്ങൾ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. ചിത്രങ്ങൾ പ്രകാരം നൂറോളം പേർ മാത്രമാണ് യോഗങ്ങളിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുക്കാത്തവരുടെയും വർഷങ്ങൾക്ക് മുമ്പ് മരിച്ചവരുടെയും ഒപ്പുകളാണ് വ്യാജമായി ചേർത്തിരിക്കുന്നതെന്ന് ഗ്രാമീണർ ആരോപിക്കുന്നു.

തളർന്നു കിടപ്പിലായ രാമ ഹന്താൽ, എട്ട് മാസം മുമ്പ് മരിച്ച ഗുരുബാരി, നാല് വർഷം മുമ്പ് മരിച്ച സനായി അലംഗി തുടങ്ങിയ നിരവധി പേരുടെ ഒപ്പുകളും വിരലടയാളങ്ങളുമാണ് വ്യാജമായി ചേർത്തിട്ടുള്ളത്. യോഗം നടക്കുമ്പോൾ ആന്ധ്രാപ്രദേശിൽ ജോലിയിലായിരുന്ന നകുലിന്റെ പേരും ഒപ്പും പ്രമേയത്തിലുണ്ട്. പരമ്പരാഗത ഭൂമി സ്വന്തം പേരിലാക്കിത്തരാമെന്ന് പറഞ്ഞ് റവന്യൂ ജീവനക്കാരൻ തങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച്, അദാനി പ്രോജക്റ്റിനായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് കർഷകനായ സുനാധർ മുദുലിയും വെളിപ്പെടുത്തി. ഇത് കരാർ ജീവനക്കാരനും സ്ഥിരീകരിച്ചിട്ടുണ്ട്.

അൽ ജസീറ നടത്തിയ അന്വേഷണത്തിൽ ഒപ്പിട്ടവരായി രേഖപ്പെടുത്തിയ 67 പേരെ എങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ അദാനി ഗ്രൂപ്പിനോടും ജില്ലാ കളക്ടറോടും പോലീസിനോടും പ്രതികരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ല.

തങ്ങളുടെ ആവാസവ്യവസ്ഥയും വിശുദ്ധ കാടുകളും നശിപ്പിച്ച് നടപ്പാക്കുന്ന ഈ ഖനന പദ്ധതിയെ നിയമപരമായും നേരിട്ടും ചെറുക്കുമെന്നാണ് ഗ്രാമീണരുടെ നിലപാട്. 50-ലധികം ആളുകൾ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് കാണിച്ച് കോടതിയിലും പോലീസിലും പരാതി നൽകിയിട്ടുണ്ട്.

Also read: