പ്രതിഷേധത്തിനിടയിൽ നുഴഞ്ഞുകയറി മോദി അനുകൂല മുദ്രാവാക്യം; ബിജെപിക്കാരനെ പഞ്ഞിക്കിട്ട് കോൺഗ്രസ് പ്രവർത്തകർ
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ നുഴഞ്ഞുകയറി മോദി-അനുകൂല മുദ്രാവാക്യം വിളിച്ച ബിജെ പ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകർ കൈകാര്യം ചെയ്തു. എസ്ഐആർ ക്രമക്കേടുകൾക്കെതിരെയുള്ള സമാധാനപരമായ പ്രകടനത്തിനിടയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതിഷേധത്തിനിടയിൽ മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചയാളെ ഒരുസംഘം ആളുകൾ വളഞ്ഞിട്ട് തള്ളുന്നതും മർദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ജനക്കൂട്ടത്തിൽ ചിലർ ഇത് തടയാൻ ശ്രമിച്ചെങ്കിലും രംഗം സംഘർഷഭരിതമായി. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണവും കൃത്യമായ സ്ഥലവും ഇതുവരെ ലഭ്യമായിട്ടില്ല.
സംഭവം ബിജെപി ഇതിനകം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. വൈറൽ വിഡിയോ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച പൗരനെ വളഞ്ഞിട്ട് മർദിച്ചത് ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രക്ഷോഭകാരികളുടെ മുഖ്യലക്ഷ്യം. വോട്ടർമാരെ ഒഴിവാക്കിയെന്നും കമീഷൻ കൃത്രിമം കാട്ടുന്നുവെന്നുമാണ് ആരോപണം. ഫോം 6ൽ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയെന്ന റിപ്പോർട്ടുകളും രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ വിയോജിപ്പും പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സമരം കൂടുതൽ ശക്തമാക്കാനാണ് സഖ്യകക്ഷികളുടെ തീരുമാനം.