19/10/2026
[fontresizer_tawhidurrahmandear_widget]

‘അടച്ചുപൂട്ടിയ മുറികളേക്കാൾ നല്ലത് തുറന്ന ചർച്ച’; ഗ്യാനേഷ് കുമാർ പ്രതിപക്ഷ എംപിമാരെ കാണണമെന്ന് കമൽഹാസൻ

 ‘അടച്ചുപൂട്ടിയ മുറികളേക്കാൾ നല്ലത് തുറന്ന ചർച്ച’; ഗ്യാനേഷ് കുമാർ പ്രതിപക്ഷ എംപിമാരെ കാണണമെന്ന് കമൽഹാസൻ

ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനങ്ങളിൽ പൗരന്മാർക്കുള്ള വിശ്വാസം മങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം.പിയും പ്രശസ്ത നടനുമായ കമൽഹാസൻ രംഗത്ത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. പ്രതിഷേധമുയർത്തുന്ന പ്രതിപക്ഷ ജനപ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് സി.ഇ.സി തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനിൽ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ’ എന്ന് വ്യക്തമാക്കിക്കൊണ്ട് തന്റെ എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം കത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ജാതിയും മതവും നോക്കാതെ രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന നൽകിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശമെന്നും അത് സുരക്ഷിതമായി സംരക്ഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്.ഐ.ആർ പ്രക്രിയ ധൃതിപിടിച്ചും ചില സന്ദർഭങ്ങളിൽ അശാസ്ത്രീയമായും നടപ്പിലാക്കിയത് അർഹരായ വോട്ടർമാരുടെ അവകാശം തടയപ്പെടുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മേധാവിയുടെ രാജി ആവശ്യപ്പെട്ടും ‘വോട്ട് ചോരി’ ആരോപണം ഉന്നയിച്ചും ‘ഇന്ത്യാ’ സഖ്യത്തിലെ എം.പിമാർ നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് കമൽഹാസന്റെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി ചർച്ച നടത്താൻ അവസരം തേടി എട്ട് മണിക്കൂർ നീണ്ട ധർണയ്ക്ക് ശേഷമാണ് പ്രതിപക്ഷം സമരം ശക്തിപ്പെടുത്തിയത്. ഇതിനു പിന്നാലെ പാർലമെന്റ് സമുച്ചയത്തിൽ വെച്ച് പ്രതിപക്ഷ എം.പിമാരുമായി തുറന്ന ചർച്ചയ്ക്ക് സി.ഇ.സി തയ്യാറാകണമെന്ന് കമൽഹാസൻ ആവശ്യപ്പെടുകയായിരുന്നു.

ഇത് ഏതെങ്കിലും ഒറ്റ രാഷ്ട്രീയ പാർട്ടിയുടെ മാത്രം താല്പര്യമല്ലെന്നും, രാജ്യത്തിന്റെ വിശാലമായ താല്പര്യം പരിഗണിച്ചാണ് ഇത്തരമൊരു അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ-ജാതി വ്യത്യാസങ്ങളില്ലാതെ ജനാധിപത്യ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കേണ്ട സന്ദർഭമാണിതെന്നും, അടച്ചുപൂട്ടിയ മുറികളേക്കാൾ ഫലപ്രദം പരസ്യമായ ചർച്ചകളാണെന്നും കത്തിൽ കൂട്ടിച്ചേർക്കുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ യോഗ്യരായ വോട്ടർമാർ തള്ളപ്പെടുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ വോട്ടർ പട്ടിക സുതാര്യവും കുറ്റമറ്റതുമാക്കാനാണ് നടപടികളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധം മൂന്നാം ദിവസവും തലസ്ഥാനത്തെ തെരുവുകളിൽ തുടരും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ ‘ഇന്ത്യാ’ സഖ്യ നേതാക്കൾ ഇന്നത്തെ സമരത്തിൽ അണിനിരക്കുമെന്നാണ് വിവരം.

Also read: