20/10/2026
[fontresizer_tawhidurrahmandear_widget]

‘യാത്രക്കാരെ ദുരിതത്തിലാക്കരുത്; ഡൽഹി ട്രെയിൻ സർവീസുകളും മെട്രോ സ്റ്റേഷനുകളും പൂർണമായി അടച്ചിടരുത്’; ഇടപെട്ട് സുപ്രീംകോടതി

 ‘യാത്രക്കാരെ ദുരിതത്തിലാക്കരുത്; ഡൽഹി ട്രെയിൻ സർവീസുകളും മെട്രോ സ്റ്റേഷനുകളും പൂർണമായി അടച്ചിടരുത്’; ഇടപെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനും ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതിനുമെതിരെ സുപ്രിംകോടതി. ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തരുതന്നും മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചിടരുതെന്നും കോടതി നിർദേശിച്ചു. മെട്രോ അടയ്ക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും നിയന്ത്രിതമായ രീതിയിൽ സേവനങ്ങൾ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ ഇടപെടൽ. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മെട്രോ സ്റ്റേഷൻ അടച്ചിടുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി കൂടിയാലോചന നടത്തുമെന്നും സാഹചര്യങ്ങൾ വിലയിരുത്തി ഇളവുകൾ വരുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ നടക്കുന്ന ജന്തർ മന്തർ 2.0 പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരുടെ വരവ് തടയുന്നതിന്റെ ഭാഗമായി വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. റെയ്‌സീന മേഖല ഉൾപ്പെടെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ 48 മണിക്കൂർ മുൻകൂട്ടി നൽകാൻ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തെറ്റിദ്ധാരണ പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.

Also read: