19/10/2026
[fontresizer_tawhidurrahmandear_widget]

സഹപാഠികളുടെ ഉച്ചഭക്ഷണത്തിന് കുടുക്കയിലെ സമ്പാദ്യം; മാതൃകയായി പ്ലസ് ടു വിദ്യാർത്ഥി ദേവനന്ദ്

 സഹപാഠികളുടെ ഉച്ചഭക്ഷണത്തിന് കുടുക്കയിലെ സമ്പാദ്യം; മാതൃകയായി പ്ലസ് ടു വിദ്യാർത്ഥി ദേവനന്ദ്

കണ്ണൂർ: സ്വന്തം ആഗ്രഹങ്ങൾക്കപ്പുറം സഹപാഠികളുടെ വിശപ്പകറ്റാൻ താൻ സ്വരൂപിച്ച സമ്പാദ്യം നീക്കിവെച്ച് വേറിട്ട മാതൃകയാവുകയാണ് പ്ലസ് ടു വിദ്യാർത്ഥി. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും മുഴപ്പിലങ്ങാട് സ്വദേശിയുമായ ഇ. ദേവനന്ദ് ദിനേശനാണ് ഈ കൊച്ചു വയസ്സിലും ജീവകാരുണ്യ മാതൃക തീർക്കുന്നത്.

തനിക്ക് കിട്ടുന്ന ഓരോ ചില്ലിക്കാശും ഹുണ്ടികയിൽ സ്വരൂപിച്ചു വെക്കുകയും, തന്റെ ഓരോ ജന്മദിനത്തിലും തുക സ്കൂളിലെ ഉച്ചഭക്ഷണ ഫണ്ടിലേക്ക് പ്രധാന അധ്യാപകനെ ഏൽപ്പിക്കുകയുമാണ് ദേവനന്ദിന്റെ ശീലം. എട്ടാം ക്ലാസ് മുതൽ ആരംഭിച്ച ഈ പതിവ് വർഷങ്ങളായി യാതൊരു മുടക്കവുമില്ലാതെ ദേവനന്ദ് തുടർന്നുപോരുന്നു.

മുഴപ്പിലങ്ങാട്ടെ ദിനേശന്റെയും സ്കൂളിലെ മദർ പിടിഎ പ്രസിഡന്റായ ഇ. റജിനയുടെയും മകനാണ് ദേവനന്ദ്. മകന്റെ നന്മ നിറഞ്ഞ പ്രവർത്തിയിൽ ആകൃഷ്ടയായ അമ്മയും ഇപ്പോൾ ജീവകാരുണ്യത്തിൽ പങ്കാളിയാണ്. മുഴപ്പിലങ്ങാട് വലിയ വയൽ പാടശേഖരത്തിൽ നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്ന റജിന, വിളവുകളുടെ ഒരു വിഹിതം സ്കൂളിലെ ഉച്ചഭക്ഷണ ചെലവുകൾക്കായി കൃത്യമായി നീക്കിവെക്കുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകാതെ സഹജീവികളെ കരുതുന്ന ദേവനന്ദിനും കുടുംബത്തിനും അധ്യാപകരുടെയും നാട്ടുകാരുടെയും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Also read: