‘ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ 13 ഭാഷകൾ അറിയാമായിരുന്നിട്ടും മിണ്ടാതിരുന്ന നേതാവ് എന്റെ പാർട്ടിക്കാരൻ’; രൂക്ഷവിമർശനവുമായി ജിന്റോ ജോൺ
കൊച്ചി: ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് പതിമൂന്ന് ഭാഷകൾ അറിയാമായിരുന്നിട്ടും യാതൊന്നും മിണ്ടാതിരുന്ന നേതാവ് തന്റെ സ്വന്തം പാർട്ടിയിലായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. എറണാകുളത്ത് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഫാസിസം, വർഗീയത, ഭരണകൂടം-തിരുത്ത്’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരായ പോരാട്ടം എന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ മാത്രം വിഷയമല്ലെന്നും, മറിച്ച് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോരുത്തരുടെയും വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ദൈവത്തോട് ചോദിച്ചതിന് ശേഷമാണ് താൻ വിധി പുറപ്പെടുവിച്ചതെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത്. എന്നാൽ ആ ദൈവം ആരായിരുന്നുവെന്ന് പിന്നീട് രാജ്യത്തിന് മനസ്സിലായെന്നും, നരേന്ദ്ര മോദി എന്ന ദൈവത്തോട് ചോദിച്ചിട്ടാണ് അദ്ദേഹം അന്ന് തീരുമാനങ്ങൾ പ്രഖ്യാപിച്ചതെന്ന് ആ വിധി വിലയിരുത്തുമ്പോൾ നമുക്ക് വ്യക്തമാകുമെന്നും ജിന്റോ ജോൺ പറഞ്ഞു. ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ നിഷ്പക്ഷത പാലിക്കുന്നതും മൗനം തുടരുന്നതും അങ്ങേയറ്റം അപകടകരമാണ്. നമ്മുടെ മൗനത്തെ തങ്ങൾക്കുള്ള പിന്തുണയായാണ് ഫാഷിസ്റ്റുകൾ എപ്പോഴും കണക്കാക്കുന്നത്. അതിനാൽ ഫാഷിസത്തോട് ഒരിക്കലും പക്വത കാണിച്ച് പോരാടാൻ സാധിക്കില്ലെന്നും, ചെറുപ്പത്തിന്റെ പക്വതക്കുറവുകൊണ്ട് തന്നെ അതിനെ നിരന്തരം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ അധികാരത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല ഇന്നത്തെ ഫാഷിസം. മനുഷ്യർ എന്ത് ഭക്ഷണം കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ഏത് ദൈവത്തെ ആരാധിക്കണം, എങ്ങനെ ജീവിക്കണം എന്ന് തുടങ്ങി ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഫാഷിസ്റ്റ് ഇടപെടലുകൾ വ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ രാവിലെ പൊറോട്ടയും ബീഫും ലഭിക്കുന്നത് പോലും ചിലരെ അസ്വസ്ഥരാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു ഭക്ഷണരീതിയുടെയോ മതവിഭാഗത്തിന്റെയോ മാത്രം പ്രശ്നമല്ല, അടിസ്ഥാനപരമായ ജനാധിപത്യ അവകാശങ്ങളുടെ പ്രശ്നമാണ്.
ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ മുഴുവൻ രാജ്യവിരുദ്ധരും ദേശദ്രോഹികളുമായി മുദ്രകുത്തുന്ന പ്രവണത രാജ്യത്തെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആർ.എസ്.എസ് എന്നത് ഒരു സാംസ്കാരിക അടിമത്തമാണെന്ന് വിമർശിച്ച അദ്ദേഹം, എതിർക്കുന്നവരെക്കൂടി ഉൾക്കൊള്ളാനുള്ള ആർജവമാണ് യഥാർത്ഥ ജനാധിപത്യമെന്നും ഓർമ്മിപ്പിച്ചു. ജീവൻ നഷ്ടപ്പെടുന്ന നിമിഷം വരെയും ഫാഷിസത്തിനെതിരെ പോരാടാനുള്ള രാഷ്ട്രീയ ജാഗ്രത സമൂഹം എപ്പോഴും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.