ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങളും നഷ്ടബോധങ്ങളും; സി. മുഹമ്മദിന്റെ ‘ഉത്തരായണം’ പ്രകാശനം ചെയ്തു
ദുബൈ: ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ തെളിയുന്ന നഷ്ടബോധങ്ങളും ഓർമകളും ജീവിതത്തിനും മരണത്തിനുമിടയിലെ ചില നിമിഷങ്ങളും പ്രമേയമാക്കി സി. മുഹമ്മദ് രചിച്ച ഒൻപത് ചെറുകഥകളുടെ സമാഹാരമായ ‘ഉത്തരായണം’ പ്രകാശനം ചെയ്തു. ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ എഴുത്തുകാരന്റെ രണ്ടാമത്തെ പുസ്തകമാണ് പുറത്തിറക്കിയത്.
പുസ്തകത്തിലെ ഒൻപത് കഥകളും ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ മനുഷ്യർ അനുഭവിക്കുന്ന നഷ്ടങ്ങളെയും ഓർമകളെയും തിരിച്ചറിവുകളെയും ആവിഷ്കരിക്കുന്നു. സമാഹാരത്തിലെ ഒരു കഥയുടെ പേരാണ് ‘ഉത്തരായണം’. സി. മുഹമ്മദിന്റെ ആദ്യ പുസ്തകം ‘അശാന്തിയുടെ തീരങ്ങൾ’ ആണ്.

ഡോ. അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരന്റെ പേരക്കുട്ടി അസർ സ്വാഗതം ആശംസിച്ചു. മാധ്യമപ്രവർത്തകൻ നാസർ ബേപ്പൂർ പുസ്തകം പരിചയപ്പെടുത്തി. ഹിറ്റ് എഫ്.എം. ആർ.ജെ. അർഫാസ് പുസ്തകത്തിന്റെ സ്ക്രീൻ അൺവീലിങ് നിർവഹിച്ചു.
എം.സി.എ. നാസർ പുസ്തകപ്രകാശനം നിർവഹിച്ചു. അഷ്റഫ് കാനമ്പുള്ളി പുസ്തകം ഏറ്റുവാങ്ങി. മറുപടി പ്രസംഗത്തിൽ സി. മുഹമ്മദ് സംസാരിച്ചു.
ദുബൈയിൽ 50 വർഷം പൂർത്തിയാക്കിയ സി. മുഹമ്മദിന്റെ പ്രവാസജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷവും ഇതേ ദിവസം നടന്നു.
യാസിർ ഹമീദായിരുന്നു ചടങ്ങിന്റെ അവതാരകൻ. അനു അലക്സ് നന്ദി രേഖപ്പെടുത്തി.
ജീവിതത്തിന്റെ പല കാലങ്ങളിലായി മനുഷ്യർ അനുഭവിക്കുന്ന നഷ്ടങ്ങളെയും ഓർമകളെയും വൈകാരിക നിമിഷങ്ങളെയും ഒൻപത് കഥകളിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയാണ് ‘ഉത്തരായണം’.