ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിനമായ ഞായറാഴ്ച നിരവധി പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങുകൾ അരങ്ങേറി. വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ബിനു മനോഹറിന്റെ മൂന്നാമത്തെ പുസ്തകമായ ‘ശിശിരഗിരിയും ഘഫ് മരച്ചില്ലകളും’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സി.എസ്. ശ്രീരാജ്, യുഎഇയിലെ മുതിർന്ന കവയിത്രി ഉഷ ചന്ദ്രന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സന്ധ്യാ കല്യാണിയുടെ ‘മനസ്സിൽ ബാക്കിയായവർ’ എന്ന കഥാസമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. വൈ.എ. റഹീം, ക്രിസ്റ്റീന ചെറിയാന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.
പ്രവാസി സാഹിത്യകാരൻ ബഷീർ തിക്കോടി പുസ്തകപരിചയം നടത്തി. ഹരിതം ബുക്സിനുവേണ്ടി പ്രതാപൻ തായാട്ട് സ്വാഗതം ആശംസിച്ചു. ഹരി പത്തനാപുരം, പ്രശസ്ത എഴുത്തുകാരി ഗീതാ മോഹൻകുമാർ, എഴുത്തുകാരി റഫ്സാന ഖാദർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് ബിനു മനോഹറും സന്ധ്യാ കല്യാണിയും മറുപടി പ്രസംഗം നടത്തി.
ജീവിതത്തിലെ രണ്ട് സംസ്കാരങ്ങളെയും അനുഭവലോകങ്ങളെയും ചേർത്തുവെക്കുന്ന കവിതകളാണ് ബിനു മനോഹറിന്റെ സമാഹാരത്തിന്റെ പ്രത്യേകത. അതേസമയം, ഗൃഹാതുരത്വം നിറഞ്ഞ നാടോർമകളുടെയും ജീവിതാനുഭവങ്ങളുടെയും നേർചിത്രങ്ങളാണ് സന്ധ്യാ കല്യാണി തന്റെ ‘മനസ്സിൽ ബാക്കിയായവർ’ എന്ന കഥാസമാഹാരത്തിലൂടെ വായനക്കാർക്ക് മുന്നിലെത്തിക്കുന്നത്.