22/11/2026
[fontresizer_tawhidurrahmandear_widget]

‘രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന അക്രമരാഷ്ട്രീയം ഇനി ഉണ്ടാകാൻ പാടില്ല’; ഷുക്കൂർ വധക്കേസിൽ അപ്പീൽ പോകുമെന്ന് പി.എം.എ. സലാം

 ‘രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന അക്രമരാഷ്ട്രീയം ഇനി ഉണ്ടാകാൻ പാടില്ല’; ഷുക്കൂർ വധക്കേസിൽ അപ്പീൽ പോകുമെന്ന് പി.എം.എ. സലാം

പി.എം.എ. സലാം

കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ തീർച്ചയായും അപ്പീൽ പോകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കേസിലെ 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത് ആശ്വാസകരമാണെങ്കിലും, ഗൂഢാലോചനയിൽ പങ്കുള്ള പ്രധാന നേതാക്കൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയത് ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊലീസിനും സി.ബി.ഐക്കും കൃത്യമായി മൊഴി നൽകിയ സാക്ഷികൾ വിചാരണ ദിവസം കോടതിയിൽ ഹാജരാകാതിരുന്നതാണ് കേസിൽ തിരിച്ചടിയായതെന്ന് പി.എം.എ. സലാം ചൂണ്ടിക്കാട്ടി. സാക്ഷികൾ കോടതിയിൽ വന്ന് മൊഴി മാറ്റിപ്പറയുകയായിരുന്നില്ല, മറിച്ച് അവർക്കും കുടുംബത്തിനും നേരെയുണ്ടായ ശക്തമായ സമ്മർദ്ദവും ഭീഷണിയും കാരണം കോടതിയിൽ വരാനുള്ള സാഹചര്യം ഇല്ലാതെ പോവുകയായിരുന്നു.

കേസിൽ 13 പ്രതികൾ ശിക്ഷിക്കപ്പെട്ടതിലൂടെ കൊലപാതകത്തിൽ സി.പി.എമ്മിനുള്ള പങ്ക് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. ഏരിയ സെക്രട്ടറിയുടെ മകൻ, ഡി.വൈ.എഫ്.ഐയുടെ ലോക്കൽ-ബ്രാഞ്ച്-ഏരിയ ഭാരവാഹികൾ, പഞ്ചായത്തംഗം എന്നിവരടക്കം ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുള്ളവരാണ് ശിക്ഷിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂരിൽ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന അക്രമരാഷ്ട്രീയം ഉണ്ടാകാൻ പാടില്ലെന്നും, അതിലേക്കുള്ള ചവിട്ടുപടിയായി ഈ കേസ് മാറിയെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.

ഗൂഢാലോചനയിൽ പങ്കുള്ളവർ ഇതിൽ ഇടപെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടില്ല, മറിച്ച് അത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നാണ് വ്യക്തമാക്കിയതെന്ന് പി.എം.എ. സലാം പറഞ്ഞു. വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം പ്രോസിക്യൂഷനുമായും ഷുക്കൂറിന്റെ കുടുംബവുമായും മുതിർന്ന അഭിഭാഷകരുമായും ആലോചിച്ച് മേൽക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: