22/11/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യയിൽ ജനനനിരക്ക് താഴേക്ക്; രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പിൽ വിലക്കുന്നതിൽ പ്രസക്തിയില്ലെന്ന് സുപ്രീംകോടതി

 ഇന്ത്യയിൽ ജനനനിരക്ക് താഴേക്ക്; രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പിൽ വിലക്കുന്നതിൽ പ്രസക്തിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യയിലെ ജനനനിരക്ക് കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ രാജ്യത്തിന്റെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, ഈ മാറ്റങ്ങൾ ഇത്തരം നിയന്ത്രണങ്ങൾക്ക് പിന്നിലുള്ള യുക്തി ഇല്ലാതാക്കിയെന്നും കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ കക്കോഡ പഞ്ചായത്ത് മുൻ സർപഞ്ച് മംഗല ഭിംറാവുവിനെതിരായ അയോഗ്യത റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. മൂന്നാമത്തെ കുട്ടി ജനിച്ചതിനെത്തുടർന്ന് മംഗലയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിലക്ക് നീക്കിയത്. മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് നിയമത്തിൽ ഭേദഗതി വരുത്തി 2000 സെപ്റ്റംബർ 13 മുതലാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിത്തുടങ്ങിയത്. ഹരിയാണയിലും സമാനമായ വിലക്കുണ്ട്. ഈ വിലക്കിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ 2003-ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിലക്ക് ശരിവെക്കുകയാണുണ്ടായത്. എന്നാൽ, ജസ്റ്റിസുമാരായ പി.എസ്. നരസിംഹയുടെയും അലോക് ആരാധെയുടെയും ബെഞ്ച് ഈ വിധി പുനഃപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ വിലക്കുന്ന നടപടി 2003-ൽ സുപ്രീംകോടതി ശരിവെക്കുന്ന സമയത്ത് ഇന്ത്യയിലെ പ്രത്യുൽപാദന നിരക്ക് 3 ആയിരുന്നുവെന്നും ഇപ്പോഴത് 1.9 ആയി കുറഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. ജനസംഖ്യ നിലനിർത്താൻ 2.1 ആണ് ആവശ്യമായ ഫെർട്ടിലിറ്റി നിരക്ക്. ഇത് താഴേക്ക് പോകുന്നത് ഭാവിയിൽ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് കോടതി നിരീക്ഷിച്ചു.

രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നതിനെ ശിക്ഷാർഹമാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ് നരസിംഹ വിധി പ്രസ്താവനയിൽ പറഞ്ഞു. അമിത ജനസംഖ്യയെക്കുറിച്ചുള്ള ഭയമായിരുന്നു ഇത്തരം നിയമങ്ങളുടെ അടിസ്ഥാനമെന്നും എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളിലുണ്ടായ ജനസംഖ്യാപരമായ മാറ്റങ്ങൾ ആ അടിസ്ഥാനം തന്നെ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നതിനും, ജോലി ചെയ്യാൻ പ്രാപ്തിയുള്ള യുവാക്കളുടെ അനുപാതം കുറയുന്നതിനും ഇത് കാരണമാകും. ഇത്തരം ജനസംഖ്യാപരമായ മാറ്റങ്ങൾ നാം ശ്രദ്ധിക്കാതെ പോയാൽ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്തരം വിലക്കുകൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാണ കേസിൽ വിലക്കിനെ ന്യായീകരിക്കാൻ അന്ന് ഉന്നയിക്കപ്പെട്ട വാദങ്ങളിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഒരു വിഭാഗം പൗരന്മാരെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Also read: