വയനാട് എസ്എഫ്‌ഐയില്‍ തമ്മിലടി: നേതാക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി, സിദ്ധാര്‍ഥന്റെ ഗതി വരുമോയെന്ന് ആശങ്ക; സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പോസ്റ്റ്
കൽപ്പറ്റ: എസ്.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി ആദർശിന്റെയും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്രയുടെയും നേതൃത്വത്തിൽ തന്നെ ക്രൂരമായി മർദിച്ചെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്. സംഭവം കഴിഞ്ഞ് 19 ദിവസമായിട്ടും നടപടിയെടുത്തില്ലെന്നും താനിട്ട എഫ്.ബി പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും, പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ ഗതി വരുമോയെന്ന് ആശങ്കയുണ്ടെന്നും സായന്ത് ആരോപിച്ചു. ഇതിനിടെ സായന്തിനെ എസ്.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
രണ്ട് ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐയെ വിജയിപ്പിച്ചെടുത്തിട്ടും തനിക്ക് ജില്ലാ നേതൃത്വത്തിൽ നിന്ന് കടുത്ത അവഗണനയും അനീതിയുമാണ് നേരിടേണ്ടിവന്നതെന്ന് സായന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. സെപ്റ്റംബർ 12-ന് മർദനമേറ്റിട്ടും ആ വിവരങ്ങൾ പുറത്തുപറയാതെ ഒതുക്കിപ്പിടിക്കാൻ ഇത്രയും നാൾ പാർട്ടിക്ക് വേണ്ടി നിൽക്കുകയായിരുന്നു. എന്നാൽ, ഇനിയും സഹിച്ചിരിക്കാനാവില്ല. ഇതുകൊണ്ടാണ് തുറന്നുപറയാൻ തയ്യാറായതെന്നും സായന്ത് വ്യക്തമാക്കി.
“ഞാൻ സംഘടനാവിരോധിയാണെന്നൊക്കെ പലരും പറഞ്ഞുപരത്തുന്നുണ്ട്. ഞാനിപ്പോഴും സംഘടനയ്ക്കകത്ത് തന്നെയാണുള്ളതെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഇന്നും എസ്എഫ്ഐ പ്രവർത്തകൻ തന്നെയാണ്. എന്റെ സമരം ജില്ലാ നേതൃത്വത്തിലെ ആദർശിനും സാന്ദ്രയ്ക്കുമെതിരാണ്. ആദർശരഹിതമായ പ്രവർത്തനങ്ങൾക്കും ഏകാധിപത്യത്തിനും എതിരാണ് ഞാനിപ്പോഴും സമരം ചെയ്തുകൊണ്ടിരിക്കുന്നത്,” എന്ന് സായന്ത് വിശദീകരിച്ചു.
എസ്.എഫ്.ഐയുടെ ഉയർന്ന ഘടകത്തിൽ പ്രവർത്തിക്കുന്ന തന്നെപ്പോലൊരാൾക്ക് ജില്ലാ നേതൃത്വത്തിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടായെങ്കിൽ, നാളെ മറ്റൊരു സാധാരണ വിദ്യാർഥിക്കും ഈ അവസ്ഥ ഉണ്ടാകാൻ പാടില്ലെന്ന് കരുതിയാണ് ഈ പോരാട്ടവുമായി മുന്നോട്ട് ഇറങ്ങിയിട്ടുള്ളതെന്ന് സായന്ത് പറഞ്ഞു. ഈ കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ സംഘടനാ നടപടികൾ ഉണ്ടായേക്കാമെന്നും, കുടുംബത്തിനെതിരെയും തനിക്കെതിരെയും വ്യാജ കഥകളും അപവാദങ്ങളും പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ഇനി താനുണ്ടാകുമോയെന്ന് പോലും അറിയില്ലെന്നും, അത്രയേറെ മാനസിക പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടാണ് ഇപ്പോൾ മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നതെന്നും പറഞ്ഞ സായന്ത്, മർദനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ നേതാക്കളിൽ നിന്ന് ഭീഷണി കോളുകൾ വരുന്നുണ്ടെന്നും പൂക്കോട് കോളേജിലെ സിദ്ധാർത്ഥന്റെ അനുഭവം ഉണ്ടാകുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കി.