മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധം: മുടങ്ങിയ ബിരുദദാനച്ചടങ്ങ് സ്കൂൾ മുറ്റത്തുവച്ച് നടത്തി റോജി എം.ജോൺ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐയുടെ പ്രതിഷേധം കാരണം മുടങ്ങിയ ബിരുദദാനച്ചടങ്ങ് സ്കൂൾ മുറ്റത്തുവെച്ച് നടത്തി മന്ത്രി റോജി എം. ജോൺ. അങ്കമാലി തുറവൂർ സെന്റ് മേരീസ് എൽ.പി.എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി കോളേജ് വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റും കൈമാറിയത്.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ മന്ത്രിയുടെ നിലപാടിനെതിരെയാണ് എസ്.എഫ്.ഐ പ്രവർത്തകരും കോളേജ് യൂണിയൻ പ്രതിനിധികളും കഴിഞ്ഞദിവസം പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് മന്ത്രി ചടങ്ങ് പൂർത്തിയാക്കാനാകാതെ മടങ്ങിയിരുന്നു. അതേസമയം, എസ്.എഫ്.ഐ മന്ത്രിയെ തടഞ്ഞിട്ടില്ലെന്നും ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, തിരുത്തുന്നതിനു പകരം സിപിഎം അക്രമത്തെ ന്യായീകരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എം.പി കുറ്റപ്പെടുത്തി.
കാലടി സംസ്കൃത സർവകലാശാലയിൽ സമരം ചെയ്തതിനു 16 വിദ്യാർഥികളെ 60 ദിവസമായി സസ്പെൻഡ് ചെയ്തിരിക്കുന്ന നടപടിയാണ് പ്രതിഷേധത്തിനു കാരണമായത്. ഈ വിഷയത്തിൽ മന്ത്രി നടത്തിയ പരാമർശങ്ങൾ അപഹസിക്കുന്നതാണെന്നും അവ പിൻവലിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. വൈസ് ചാൻസലറെ ശവമഞ്ചത്തിൽ കിടത്തി എന്ന ആരോപണം ശരിയല്ലെന്നും നാടകത്തിന്റെ ഭാഗമായ പ്രോപ്പർട്ടി മാത്രമാണെന്ന് വ്യക്തമായിട്ടും മന്ത്രി നിലപാട് തിരുത്താൻ തയാറായില്ലെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. അപരിഷ്കൃതർ എന്നാണ് മന്ത്രി വിദ്യാർഥികളെ വിശേഷിപ്പിച്ചതെന്നും എസ്.എഫ്.ഐ പറയുന്നു.
റോജി എം. ജോൺ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചത്. തുടർന്ന്, മഹാരാജാസ് കോളേജ് വൈസ് ചെയർപേഴ്സൻ നഫീസത്ത് മുസ്ലിയാരും മറ്റ് എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുകയും അതിന് വേദിയിൽ വെച്ചുതന്നെ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരിപാടി പൂർത്തിയായതിനു ശേഷം ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും അപ്പോൾത്തന്നെ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സൻ വേദിയിലേക്ക് കയറുകയായിരുന്നു. തുടർന്ന് മൈക്കിലൂടെ സംസാരിക്കാൻ ശ്രമിച്ച വിദ്യാർഥിയുടെ മൈക്ക് ഓഫ് ചെയ്യുകയും വലിയ വാഗ്വാദങ്ങളിലേക്കും ബഹളത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു. ഇതിനിടെ വേദിക്ക് താഴെ ഉന്തും തള്ളും ശക്തമായി. രംഗം വഷളായതോടെ പോലീസിന്റെ സഹായത്തോടെ മന്ത്രിയെ സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു.