ഭക്ഷ്യവിഷബാധയിൽ വില്ലനായി ബോട്ടിലിസം; അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയവയും അലർജി ഉണ്ടാക്കിയേക്കാം
ഭക്ഷ്യവിഷബാധ നിസ്സാരമായി കാണരുത്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിക്കാനിടയായ സാഹചര്യത്തിൽ, ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തി. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭക്ഷ്യവിഷബാധ ജീവന് തന്നെ ഭീഷണിയാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് ബോട്ടിലിസം?
ഭക്ഷ്യവിഷബാധയിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ‘ബോട്ടിലിസം’. ക്ലോസ്ട്രിഡിയം ബോട്ടിലിനം എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. പ്രധാനമായും സീഫുഡ്, ടിന്നിലടച്ച ഭക്ഷണങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്. കാഴ്ച മങ്ങുക, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, അമിതമായ തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ 30 ശതമാനം വരെ മരണസാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലക്ഷണങ്ങളും അലർജിയും
ഭക്ഷണം കഴിച്ച് മിനിറ്റുകൾക്കോ മണിക്കൂറുകൾക്കോ ഉള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വയറുവേദന, ഛർദി, വയറിളക്കം, പനി, നിർജലീകരണം മൂലമുള്ള തളർച്ച എന്നിവ ശ്രദ്ധിക്കണം. അതേസമയം, ഭക്ഷ്യവിഷബാധയും അലർജിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. ഒരു കൂട്ടം ആളുകൾക്ക് ഒരേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് വിഷബാധയാകാം. എന്നാൽ അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയ കടൽ വിഭവങ്ങൾ ചിലരിൽ വ്യക്തിപരമായ അലർജിക്ക് കാരണമാകാറുണ്ട്. ചൊറിഞ്ഞുതടിക്കുക, ശ്വാസംമുട്ടൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
വിഴിഞ്ഞത്തെ സംഭവത്തെത്തുടർന്ന് ‘അസ്മാക്’ എന്ന ഹോട്ടലിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു. ഹോട്ടലിൽ നിന്നും ശേഖരിച്ച ചിപ്പി ഉൾപ്പെടെയുള്ള സാംപിളുകൾ തിരുവനന്തപുരത്തെയും കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെയും ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചു. കൂടാതെ, ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു.
പ്രതിരോധ മാർഗങ്ങൾ
- ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമായ സാഹചര്യം പൂർണമായും ശുചിത്വമുള്ളതായിരിക്കണം.
- മാംസവും മത്സ്യവും നന്നായി വേവിച്ചുമാത്രം ഉപയോഗിക്കുക.
- ഫ്രിജിൽ വെച്ച ഭക്ഷണം പലതവണ പുറത്തെടുത്ത് ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- രുചിയേക്കാൾ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന് മുൻഗണന നൽകുക.