11/06/2026
[fontresizer_tawhidurrahmandear_widget]

ഗുജറാത്ത് കലാപത്തിനുശേഷം മോദിയുടെ കടുത്ത വിമർശകനായിരുന്നു; കാഴ്ചപ്പാട് മാറ്റിയത് ആ നാലു മാസം: ആരിഫ് മുഹമ്മദ് ഖാൻ | Arif Mohammed Khan on PM Modi

 ഗുജറാത്ത് കലാപത്തിനുശേഷം മോദിയുടെ കടുത്ത വിമർശകനായിരുന്നു; കാഴ്ചപ്പാട് മാറ്റിയത് ആ നാലു മാസം: ആരിഫ് മുഹമ്മദ് ഖാൻ | Arif Mohammed Khan on PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള തന്റെ മുൻകാല കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വന്നതായും അദ്ദേഹം ലോകം ഏറ്റവും കൂടുതൽ തെറ്റിദ്ധരിച്ച വ്യക്തിയാണെന്നും ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 2002-ലെ ഗുജറാത്ത് കലാപകാലത്ത് നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്നു താനെന്നും എന്നാൽ ഗുജറാത്തിൽ നേരിട്ട് ചിലവഴിച്ച മാസങ്ങൾ ആ ധാരണ തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ അലോക് മേത്ത രചിച്ച ‘Revolutionary Raj: Narendra Modi’s 25 Years’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. | Arif Mohammed Khan on PM Modi

‘2002-ലെ ഗോധ്ര സംഭവത്തെത്തുടർന്നുണ്ടായ അസ്വാസ്ഥ്യങ്ങളുടെ സമയത്ത് ഞാൻ നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്നു. എന്നാൽ, കലാപത്തിന് ശേഷം നാല് മാസത്തോളം ഞാൻ ഗുജറാത്തിൽ ചെലവഴിച്ചു. അന്ന് വിവിധ സമുദായങ്ങളിൽപ്പെട്ട ആളുകളുമായി നേരിട്ട് സംസാരിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ പഴയ മനോഭാവം തന്നെ ഇന്നും തുടരുമായിരുന്നു,’ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. നരേന്ദ്ര മോദി അന്യായമായി വേട്ടയാടപ്പെടുകയായിരുന്നു എന്ന് അന്ന് തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി ദൃഢനിശ്ചയമുള്ള നേതാവാണെന്നും തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ വിശ്രമമില്ലാതെ അധ്വാനിക്കുന്ന വ്യക്തിയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചു. ലോകം അദ്ദേഹത്തെ തെറ്റായി വിലയിരുത്തുകയായിരുന്നു. കഴിഞ്ഞ 25 വർഷത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകൾക്ക് നീതി ഉറപ്പാക്കുകയാണ് നരേന്ദ്ര മോദി ചെയ്തതെന്നും ഖാൻ പ്രശംസിച്ചു. ‘ഇന്ത്യയിൽ ആദ്യമായാണ് മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത്. അടുത്ത 50 വർഷം കഴിയുമ്പോൾ, ഇന്ത്യയിലുള്ളവർ മാത്രമല്ല ലോകമെമ്പാടുമുള്ളവർ മോദി ചെയ്ത മഹത്തായ കാര്യങ്ങളെ അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതാരിക എഴുതിയ ഈ പുസ്തകം, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതൽ പ്രധാനമന്ത്രി പദം വരെയുള്ള 25 വർഷത്തെ യാത്രയെയാണ് അടയാളപ്പെടുത്തുന്നത്. ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ ഹരിവംശ് നാരായൺ സിങ്, ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ സിങ്, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Also read: