02/03/2026
[fontresizer_tawhidurrahmandear_widget]

അന്വേഷണവുമായി അദാനി സഹകരിച്ചില്ല; ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി ചുമത്തി യുഎസ്

 അന്വേഷണവുമായി അദാനി സഹകരിച്ചില്ല; ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി ചുമത്തി യുഎസ്

ന്യൂഡൽഹി: സബ്‌സിഡി വിരുദ്ധ അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് യുഎസ് വാണിജ്യ വകുപ്പ് 126 ശതമാനം ഇറക്കുമതി തീരുവ (CVD) ചുമത്തി. അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര സോളാർ എനർജി, മുന്ദ്ര സോളാർ പിവി എന്നീ കമ്പനികൾ അന്വേഷണത്തിൽ നിന്ന് പിന്മാറിയതാണ് കടുത്ത നടപടിക്ക് കാരണമായത്.

യുഎസ് വാണിജ്യ വകുപ്പിന്റെ നടപടിക്രമങ്ങളിൽ നിർബന്ധിത പ്രതികൾ ആയിരുന്നു അദാനി ഗ്രൂപ്പ് കമ്പനികൾ. എന്നാൽ, ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയും കഴിഞ്ഞ നവംബറിൽ അന്വേഷണത്തിൽ നിന്ന് പിന്മാറുകയും ചെയ്തതോടെ, ലഭ്യമായ വസ്തുതകൾ പരിഗണിച്ച് ഏറ്റവും കഠിനമായ പിഴശിക്ഷാ രീതിയായ അഡ്വേഴ്‌സ് ഫാക്ട്‌സ് അവൈലബിൾ പ്രകാരമാണ് യുഎസ് തീരുവ നിശ്ചയിച്ചത്. സോളാർ സെല്ലുകൾ വൻതോതിൽ കയറ്റുമതി ചെയ്ത ഈ കമ്പനികൾ അഡ്വാൻസ് ലൈസൻസ്, ഡ്യൂട്ടി ഡ്രോബാക്ക് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായും യുഎസ് കണ്ടെത്തി.

ഇന്ത്യൻ സോളാർ വ്യവസായം ഇൻപുട്ടുകൾക്കായി ചൈനയെ അമിതമായി ആശ്രയിക്കുന്നതിനെ യുഎസ് റിപ്പോർട്ട് വിമർശിക്കുന്നു. കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ചൈനീസ് നിക്ഷേപം ഇന്ത്യയിലും എത്തുന്നതായി യുഎസ് നിരീക്ഷിച്ചു. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ചൈനീസ് അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുന്നുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്.

അദാനിയുടെ നിസ്സഹകരണം കാരണം വാരി എനർജിസ് പോലുള്ള മറ്റ് ഇന്ത്യൻ നിർമ്മാതാക്കളും നിലവിൽ ഇതേ ഉയർന്ന നികുതി നിരക്ക് നേരിടേണ്ടി വരും. 2024ൽ ഏകദേശം 792.6 ദശലക്ഷം ഡോളറിന്റെ സോളാർ ഉൽപ്പന്നങ്ങളാണ് ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തത്. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ കയറ്റുമതി അളവ് കുറയാനും ആഭ്യന്തര വിപണിയിൽ വില സമ്മർദ്ദം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന കാരണത്താൽ അദാനി ഗ്രൂപ്പ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: