‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; കേരള സ്റ്റോറി 2-വിനെതിരെ സുജിത് ഭക്തൻ
കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2’-വിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ട്രാവൽ വ്ലോഗർ സുജിത് ഭക്തൻ. ലോകരാജ്യങ്ങളിൽ കേരളത്തെ അപമാനിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫിജിയിലെ സുവായിൽ സന്ദർശനം നടത്തുന്നതിനിടെ അവിടുത്തെ തീയറ്ററിൽ സിനിമയുടെ പോസ്റ്റർ കണ്ടപ്പോഴാണ് സുജിത് ഭക്തൻ വീഡിയോയിലൂടെ തന്റെ അമർഷം രേഖപ്പെടുത്തിയത്.
“കേരള സ്റ്റോറി എന്ന് പേരിടാൻ കേരളം സംവിധായകന്റെ അപ്പന്റെ വകയാണോ?” എന്ന് സുജിത് വീഡിയോയിൽ ചോദിക്കുന്നു. വിദേശരാജ്യങ്ങളിൽ പോയി കേരളത്തെക്കുറിച്ച് തെറ്റായ ധാരണകൾ പരത്തുന്നത് ഭയങ്കര മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സമാനമായ രീതിയിൽ അതിഥി തൊഴിലാളിയായ മുബാറക് എന്ന വ്ലോഗറും കേരളത്തിലെ സാഹോദര്യത്തെ പ്രശംസിച്ചും സിനിമയെ വിമർശിച്ചും രംഗത്തെത്തിയിരുന്നു.
അതിനിടെ, ചിത്രത്തിന്റെ പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. കോടതി വിധി വരുന്നത് വരെ ‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യരുതെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമ വസ്തുതകൾ വളച്ചൊടിക്കുന്നു എന്ന ആരോപണത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്.