ബൊളീവിയയിൽ പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്ന് 15 മരണം; റോഡിൽ ചിതറി നോട്ടുകെട്ടുകൾ
ലാ പാസ്: ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നു വീണ് 15 പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ എൽ ആൾട്ടോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ ഹെർക്കുലീസ് സി130 വിമാനം തൊട്ടടുത്ത ദേശീയപാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പാതയിലുണ്ടായിരുന്ന പന്ത്രണ്ടോളം വാഹനങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ എത്രപേർ വിമാനത്തിലുള്ളവരാണെന്നും എത്രപേർ കാറുകളിലുണ്ടായിരുന്നവരാണെന്നും വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേനാ മേധാവി പവൽ തോവർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരിൽ രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കിഴക്കൻ നഗരമായ സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച നോട്ടുകളുമായി വരികയായിരുന്നു വിമാനം.
അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾ റോഡിലുടനീളം ചിതറിക്കിടന്നു. നോട്ടുകൾ ശേഖരിക്കാൻ നാട്ടുകാർ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പോലീസ് എത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾക്ക് സീരിയൽ നമ്പറുകൾ ഇല്ലാത്തതിനാൽ അവയ്ക്ക് നിലവിൽ നിയമസാധുതയില്ലെന്ന് സെൻട്രൽ ബാങ്ക് പ്രസിഡന്റ് ഡേവിഡ് എസ്പിനോസ അറിയിച്ചു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ ബൊളീവിയൻ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.