02/03/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം; വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്

 പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം; വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം. വിദേശത്തെ സംഭവവികാസങ്ങൾ രാജ്യത്തിനകത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് അയച്ച ഔദ്യോഗിക കുറിപ്പിൽ, ആരാധനാലയങ്ങളും മതപരമായ ഒത്തുചേരലുകളും കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഇറാൻ അനുകൂല നിലപാടുള്ള തീവ്ര പ്രഭാഷകർ വഴി വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര വിലയിരുത്തൽ. രാജ്യാന്തര വിഷയങ്ങളെ വൈകാരികമായി ഉയർത്തിക്കാട്ടി ജനങ്ങളെ ഇളക്കിവിടാനുള്ള നീക്കങ്ങളെ മുളയിലേ നുള്ളണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, സംഘർഷാവസ്ഥ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശ്രീനഗർ, ബദ്ഗാം, കാർഗിൽ തുടങ്ങിയ മേഖലകളിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. കശ്മീരിൽ നാളെ ബന്ദിന് ആഹ്വാനമുണ്ട്. ഡൽഹി ജന്തർ മന്തറിലും അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഷിയാ കൗൺസിലിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു.

Also read: