പാക് സൈനിക താവളങ്ങൾക്ക് നേരെ താലിബാന്റെ ഡ്രോൺ ആക്രമണം; ഓപ്പറേഷൻ സിന്ദൂറിനിടെ തകർന്ന നൂർ ഖാൻ വ്യോമതാവളവും ആക്രമിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാൻ താലിബാൻ ഭരണകൂടവും തമ്മിലുള്ള അതിർത്തി സംഘർഷം കനത്ത യുദ്ധത്തിലേക്ക് നീങ്ങുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം, ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം തുടങ്ങി പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് താലിബാൻ സേന ശക്തമായ ഡ്രോൺ ആക്രമണം നടത്തി.
ഓപ്പറേഷൻ സിന്ദൂറിനിടെ തകർന്ന നൂർ ഖാൻ ബേസിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കവെയാണ് വീണ്ടും ആക്രമണമുണ്ടായത്. താലിബാൻ നടത്തിയ ഈ പ്രത്യാക്രമണത്തിൽ പാക് സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ, കിഴക്കൻ അഫ്ഗാൻ നഗരമായ ജലാലാബാദിൽ ഒരു പാക് യുദ്ധവിമാനം വെടിവച്ചിട്ടതായും പൈലറ്റിനെ ജീവനോടെ പിടികൂടിയതായും താലിബാൻ അവകാശപ്പെട്ടു.
നേരത്തെ കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് താലിബാന്റെ നീക്കം. പാക് ആക്രമണത്തിൽ 133 താലിബാനികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടപ്പോൾ, തങ്ങളുടെ തിരിച്ചടിയിൽ 55 പാക് സൈനികരെ വധിച്ചതായി താലിബാൻ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ‘തുറന്ന യുദ്ധം’ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയുമായുണ്ടായ സംഘർഷത്തിന് പിന്നാലെ പാകിസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിത്.