നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണെന്ന് കുവൈത്ത്; അവശിഷ്ടങ്ങളിൽ തിരച്ചിൽ
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈത്തിൽ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണതായി റിപ്പോർട്ട്. കുവൈത്ത് പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കുവൈത്തിലെ അൽ-ജഹ്റ മേഖലയിലാണ് വിമാനങ്ങൾ തകർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്നു രാവിലെയാണ് അപകടങ്ങളുണ്ടായത്. ഒന്നിലധികം അമേരിക്കൻ യുദ്ധവിമാനങ്ങൾ കുവൈത്തിൽ തകർന്നതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ-അത്വാൻ അറിയിച്ചു. വ്യോമസേനയുടെ എഫ്-15 സ്‌ട്രൈക്ക് ഈഗിൾ വിമാനങ്ങളാണ് തകർന്നതെന്നാണ് പ്രാഥമിക വിവരം.
തകർന്നുവീണ വിമാനങ്ങളിലുണ്ടായിരുന്ന എല്ലാ സൈനികരും അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായും കേണൽ സൗദ് അൽ-അത്വാൻ പറയുന്നു. പൈലറ്റുമാർ ഇജക്ട് സീറ്റ് വഴി പുറത്തേക്ക് ചാടുന്നത് കണ്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ നടത്തുന്ന വൻ മിസൈലാക്രമണത്തിന്റെ ഭാഗമായാണ് വിമാനങ്ങൾ തകർന്നതെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനം ആകാശത്ത് വെച്ച് കറങ്ങി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ വിപ്ലവ ഗാർഡ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കുവൈത്ത് അധികൃതരും അമേരിക്കൻ സൈന്യവും സംയുക്തമായി അന്വേഷണം ആരംഭിച്ചു. സൗഹൃദ വെടിവയ്പ്പിലാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്. ഇറാൻ ആക്രമണത്തിലാണെന്ന സാധ്യതയും ഔദ്യോഗിക വൃത്തങ്ങൾ തള്ളിയിട്ടില്ല.