ഇന്ത്യ ഭരിക്കുന്നത് മികച്ചൊരു നടൻ; അമേരിക്ക പറയുന്നതെന്തും കേൾക്കും-പ്രകാശ് രാജ്
പ്രകാശ് രാജ്
ബംഗളൂരു: രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചതിലും റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസ്താവനകളിലും കേന്ദ്ര സർക്കാരിനെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. അമേരിക്ക പറയുന്നത് എന്തും കേൾക്കുന്ന മികച്ച നടനാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പ്രകാശ് രാജ് വിമർശിച്ചു.
ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ ആഭ്യന്തര, വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. രണ്ടു ദിവസം മുൻപ് രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരമുണ്ടെന്ന് അവകാശപ്പെട്ട സർക്കാർ ഇപ്പോൾ വില വർധിപ്പിച്ചത് എന്തിനാണെന്ന് പ്രകാശ് രാജ് ചോദിച്ചു. ‘രണ്ട് ദിവസം മുൻപ് 56 ഇഞ്ച് സർക്കാർ നമുക്ക് ആവശ്യത്തിന് ശേഖരമുണ്ടെന്ന് വീമ്പുപറഞ്ഞു. ഇപ്പോൾ എന്തായി? ഗോബി ഹേ തോ പംപ്കിൻ ഹേ(മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ് എന്ന അർഥത്തിലുള്ള ‘മോദി ഹേ തോ മുംകിൻ ഹേ’ എന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച്). ഗോബി ഭക്തർ ഇപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് കാണണം,’-പ്രകാശ് രാജ് കുറിച്ചു. പ്രധാനമന്ത്രിയുടെ ’56 ഇഞ്ച് നെഞ്ചളവ്’ എന്ന പ്രയോഗത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്ക് പ്രകാരം ഗാർഹിക സിലിണ്ടറിന് 60 രൂപയാണു വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഭയന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, രാജ്യത്ത് സുരക്ഷിതമായ ഇന്ധനശേഖരമുണ്ടെന്നും 50 ദിവസത്തേക്കുള്ള കരുതൽ ശേഖരമുണ്ടെന്നും കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.
അതേസമയം, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് നൽകിയിരിക്കുന്നുവെന്ന അമേരിക്കൻ പ്രഖ്യാപനത്തെയും പ്രകാശ് രാജ് വിമർശിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ അത് അനുസരിച്ചുവെന്നും ഇന്ത്യക്കാർ എല്ലാം നന്നായി നടപ്പാക്കുന്നവരും(good actors) ആണെന്നായിരുന്നു അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇന്ന് വ്യക്തമാക്കിയത്.
ഇതിനെ തിരുത്തിക്കൊണ്ട് പ്രകാശ് രാജ് കുറിച്ചത് ഇങ്ങനെയായിരുന്നു: ‘ഒരു തിരുത്ത്.. ഇന്ത്യയെ നയിക്കുന്നത് നല്ലൊരു നടനാണ്.. അദ്ദേഹം അമേരിക്ക പറയുന്നത് കേൾക്കുന്നു എന്നല്ലേ ശരിക്കും വേണ്ടത്?’.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുൻപ് പറഞ്ഞിരുന്നെങ്കിലും, രാജ്യം അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് യുഎസ് വൃത്തത്തിന്റെ പുതിയ പ്രസ്താവന.