മല്ലു പവർ…! കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോക കിരീടം
അഹമ്മദാബാദ്: ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ സർവാധിപത്യം പുലർത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. 96 റൺസിനാണ് ഇന്ത്യ മൂന്നാം ടി20 ലോക കിരീടം പിടിച്ചെടുത്തത്. തുടർച്ചയായ മൂന്നാം നോക്കൗട്ട് പോരാട്ടത്തിലും കിടിലൻ ഫിഫ്റ്റിയുമായി മലയാളി താരം സഞ്ജു സാംസൺ(89) ഇന്ത്യൻ വിജയത്തിന് അടിത്തറ നൽകി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. വെറും 46 പന്തിൽ നിന്ന് 89 റൺസെടുത്ത സഞ്ജു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോർഡും സ്വന്തമാക്കി. എട്ടു സിക്‌സറുകളും അഞ്ചു ഫോറുകളുമടങ്ങിയ സഞ്ജുവിന്റെ ഇന്നിങ്‌സ്് കിവി ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു.
ഓപണറായ അഭിഷേക് ശർമ(21 പന്തിൽ 52), ഇഷാൻ കിഷൻ (25 പന്തിൽ 54) എന്നിവർ നൽകിയ മിന്നൽ തുടക്കം ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു.
256 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. ജസ്പ്രീത് ബുംറയുടെയും അക്‌സർ പട്ടേലിന്റെയും കൃത്യതയാർന്ന ബൗളിങ് കിവീസിനെ തുടക്കത്തിലേ പ്രതിരോധത്തിലാക്കി. ടിം സീഫെർട്ട് (23 പന്തിൽ 52) അർധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും മറ്റു ബാറ്റർമാർക്കൊന്നും നിലയുറപ്പിക്കാനായില്ല. നാലു വിക്കറ്റുമായി ബുംറയാണ് ഇന്ത്യൻ ബൗളിങ്ങിനെ മുന്നിൽ നിന്നു നയിച്ചത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തി അക്‌സർ പട്ടേലും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
റെക്കോർഡുകൾ തിരുത്തി ഇന്ത്യ
ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കി. 2007-ലും 2024-ലും കിരീടം നേടിയ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്താൻ സാധിച്ചുവെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം മലയാളികൾക്കും അഭിമാനമായി മാറി.