04/06/2026
[fontresizer_tawhidurrahmandear_widget]

വിഖ്യാത ചരിത്രകാരന്‍ കെ.എന്‍ പണിക്കര്‍ വിടവാങ്ങി

 വിഖ്യാത ചരിത്രകാരന്‍ കെ.എന്‍ പണിക്കര്‍ വിടവാങ്ങി

തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എൻ പണിക്കർ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നില്ല.

ഇന്ത്യൻ ചരിത്രരചനാരംഗത്തെ പ്രഗത്ഭരിൽ ഒരാളായ അദ്ദേഹം, അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരിക-ഭൗതിക ചരിത്രങ്ങളിലാണ് പ്രധാനമായും ഗവേഷണം നടത്തിയത്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ചരിത്രവിഭാഗം മേധാവി, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീൻ, കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ തുടങ്ങിയ സുപ്രധാന തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലബാർ കലാപത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച ‘മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്‌ചയ്ക്കുമെതിരെ’ എന്ന ഗ്രന്ഥം ചരിത്രരചനയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. ‘എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്സ്’, ‘കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ’, ‘കമ്മ്യൂണൽ ത്രെട്ട് സെക്കുലർ ചലഞ്ച്’ തുടങ്ങി ഇംഗ്ലീഷിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ഒട്ടേറെ ഗ്രന്ഥങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും വർഗീയ രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം സന്ധിയില്ലാതെ നിലകൊണ്ടു.

1936-ൽ ഗുരുവായൂരിൽ ജനിച്ച കെ.എൻ പണിക്കർ, പാലക്കാട് വിക്ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

പരേതയായ ഉഷാ ഭാർഗവയാണ് ഭാര്യ. മക്കൾ: രാഗിണി, ശാലിനി. മൃതദേഹം നാളെ രാവിലെ 10 മണി മുതൽ ജവഹർ നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Also read: