എല്ലാം ‘കോംപ്രമൈസ്’ ആയി; ഭാര്യയെ വിളിച്ച് മാപ്പു പറഞ്ഞ് ഗണേഷ്, പരാതി നൽകാനില്ലെന്ന് ബിന്ദു
പത്തനാപുരം: മന്ത്രി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. ഗണേഷ് കുമാർ മാപ്പുപറഞ്ഞതായും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഇന്ന് രാവിലെ മന്ത്രി തന്നെ ഫോണിൽ വിളിച്ചതായും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും അവർ പറഞ്ഞു.
തനിക്ക് 5000 പ്രണയമുണ്ടെന്ന ഗണേഷിന്റെ പരാമർശമാണ് തന്നെ വേദനിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നു. ഗണേഷിനെ വ്യക്തിപരമായി ഉപദ്രവിക്കാനോ ഇട്ടെറിഞ്ഞു പോകാനോ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു. മന്ത്രിയ്‌ക്കെതിരെ പരാതി നൽകില്ലെന്നും പ്രതികാര നടപടികളുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോൻ ഉന്നയിച്ചിരുന്നത്. മന്ത്രിയുടെ മോശം പെരുമാറ്റം നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഇത് പുറത്താകാതിരിക്കാൻ സ്റ്റാഫംഗങ്ങൾ തന്നെ മർദ്ദിച്ചതായും തടഞ്ഞുവെച്ചതായും ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ സർക്കാർ നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിന്ദു മേനോൻ നിലപാട് മാറ്റിയതോടെ രാജി വിവാദങ്ങൾ ഒഴിയാനാണ് സാധ്യത.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, ആർ. ശ്രീലേഖ എന്നിവരുടെ സഹായം തേടിയിരുന്നതായും ബിന്ദു മേനോൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ നിയമനടപടികൾക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ഈ വിവാദം അവസാനിക്കുകയാണ്.